വിഴിഞ്ഞം: കോവളം - കാരോട് ബൈപ്പാസ് റോഡിലൂടെ കുട്ടി ബൈക്കോടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 2.45ഓടെയാണ് പിന്നിൽ മുതിർന്നയാളെ ഇരുത്തി കുട്ടി അമിതവേഗത്തിൽ കോവളം ഭാഗത്തു നിന്ന് കാരോട് ഭാഗത്തേക്ക് ബൈക്കോടിച്ചത്.

കുട്ടി അപകടകരമായി പോകുന്നത് പിന്നാലെ കാറിൽ വന്ന തമിഴ്‌നാട് സ്വദേശികൾ ശ്രദ്ധിച്ചു. ഇതിലിരുന്ന കുട്ടി പകർത്തിയ വീഡിയോ ദൃശ്യ മാദ്ധ്യമത്തിൽ വന്നതോടെയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. പാറശാലയിലുള്ള വാഹനമാണെന്ന് തിരിച്ചറിഞ്ഞതായി തിരുവനന്തപുരം മോട്ടോർ വാഹന ഇൻസ്‌പെക്ടർ കെ.ബിജുമോൻ പറഞ്ഞു. ഇന്ന് വീട് കണ്ടെത്തി നടപടി സ്വീകരിക്കും. പിന്നിലിരുന്നയാളുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യുമെന്നും വാഹനത്തിന്റെ ആർ.സി റദ്ദാക്കുമെന്നും ആർ.ടി.ഒ വ്യക്തമാക്കി.