തിരുവനന്തപുരം: മകളുടെ വീട്ടിലേക്ക് പോകാനായി ഇറങ്ങി, മൂടിയില്ലാത്ത ഓടയിൽ വീണ് മരണപ്പെട്ട തേക്കുംമൂട് ടി.ആർ.എ 66 എ കണ്ടത്തിങ്കൽ വീട്ടിൽ വി.എസ്.ശൈലജയുടെ അപ്രതീക്ഷിത വേർപാടിൽ തളർന്നിരിക്കുകയാണ് കുടുംബം. ശനിയാഴ്ച വൈകിട്ടാണ് കല്ലമ്പള്ളിയിൽ താമസമുള്ള മകൾ ഡോ.അഞ്ജുവിന്റെ വീട്ടിലേക്ക് പോകാനായി ഷൈലജ തേക്കുംമൂട്ടിലെ വീട്ടിൽ നിന്നിറങ്ങിയത്. ആഹാരം പാകം ചെയ്തശേഷമാണ് ശൈലജ പുറപ്പെട്ടത്.
കൊട്ടാരക്കര ഗവ.ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ മകൾക്ക് ശനിയാഴ്ച നൈറ്റ് ഡ്യൂട്ടിയായിരുന്നതിനാൽ ഷൈലജയുടെ ഭർത്താവ് സി.എസ്.സുശീലൻ പണിക്കർ കൊച്ചുമക്കളെ നോക്കാനായി മകളുടെ വീട്ടിൽ നിൽക്കുകയായിരുന്നു. മകളുടെ വീട്ടിലേക്ക് എത്തുന്ന വിവരം ഭർത്താവിനെയോ മകളെയോ ഷൈലജ അറിയിക്കാതെയാണ് പുറപ്പെട്ടത്. ഇതിനാൽ അപകട വിവരം ഇവരാരും അറിഞ്ഞില്ല. ശനിയാഴ്ച വൈകിട്ട് വിളിച്ചപ്പോഴും മകളുടെ വീട്ടിലേക്ക് വരുന്ന കാര്യം ശൈലജ അറിയിച്ചിരുന്നില്ലെന്ന് ഭർത്താവ് സുശീലൻ പണിക്കർ പറഞ്ഞു. ഇന്നലെ രാവിലെ ശൈലജയെ ഫോണിൽ വിളിച്ചപ്പോൾ ബെല്ലടിച്ചതല്ലാതെ ഫോണെടുത്തില്ല. പിന്നാലെയാണ് ശ്രീകാര്യം പൊലീസ് സുശീലൻപണിക്കരെ ബന്ധപ്പെടുന്നത്. ശൈലജയുടെ പേഴ്സിൽ നിന്നും ലഭിച്ചതായിരുന്നു നമ്പർ. അപകട വിവരമൊന്നും പറയാതെ മരുമകന്റെ നമ്പർ ആവശ്യപ്പെടുകയായിരുന്നു. മരുമകൻ ഡോ.രഞ്ജു രവീന്ദ്രനോടാണ് പൊലീസ് അപകടവിവരം അറിയിച്ചത്. മരണവിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധിപേർ തേക്കുംമൂട്ടിലെ വീട്ടിലെത്തി.