തിരുവനന്തപുരം: പിറന്നാൾ പാർട്ടിയിലെ ബഹളത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പൊലീസിനെ ഗുണ്ടാസംഘം ആക്രമിച്ചു. സി.ഐ അടക്കമുള്ളവർക്ക് പരിക്കേറ്റു. സംഭവത്തിൽ ഗുണ്ടാ നേതാവ് സ്റ്റമ്പർ അനീഷ് ഉൾപ്പെടെ എട്ടുപേരെ പൊലീസ് പിടികൂടി. 12 പേർ ഓടി രക്ഷപെട്ടു.
ഇന്നലെ നെടുമങ്ങാട് മുക്കോലയ്ക്കലിലാണ് സംഭവം. രാത്രി 9.30ഓടെ സ്ഥലത്ത് ബഹളം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ 20ലധികമുള്ള സംഘം ആക്രമിക്കുകയായിരുന്നു. ഗുണ്ടാ നേതാവ് സ്റ്റമ്പർ അനീഷിന്റെ സഹാദരി പുത്രന്റെ ജന്മദിനാഘോഷമാണ് നടന്നത്. പാർട്ടിയും മദ്യസത്കാരവും പുരോഗമിച്ചതോടെ ബഹളം രൂക്ഷമാകുകയും സംഭവത്തെക്കുറിച്ച് പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇതോടെ ഗുണ്ടാസംഘം പൊലീസിനെതിരെ ബിയർ കുപ്പി അടക്കമുള്ളവയുമായി ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഗുണ്ടകളെ പിടികൂടാനുള്ള ബലപ്രയോഗം തുടരുന്നതിനിടെ സി.ഐ രാജേഷ്,എസ്.ഐമാരായ സന്തോഷ് കുമാർ,ഓസ്റ്റിൻ എന്നിവരടക്കമുള്ളവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷപ്പെട്ടവരെ പിടികൂടാനുള്ള അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.