തിരുവനന്തപുരം: അഞ്ച് ജില്ലകളിലെ പ്രവർത്തനമികവും പൊതുജന പിന്തുണയ്ക്കും പിന്നാലെ എയർകണ്ടീഷൻ ചെയ്ത കുടംബശ്രീ കഫേ പ്രീമിയം റെസ്റ്രോറന്റ് തലസ്ഥാനത്തുമെത്തുന്നു.സെക്രട്ടേറിയറ്റിന് സമീപം ഗവ.പ്രസിനും റസിഡൻസി ഹോട്ടലിനും എതിർവശത്തെ ഇരുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഡിസംബർ ആദ്യവാരമാണ് കഫേ പ്രവർത്തനമാരംഭിക്കുന്നത്.ഭക്ഷ്യമേഖലയിലെ പരിചയ സമ്പന്നരായ രണ്ട് കുടംബശ്രീ യൂണിറ്റുകളെ സംയോജിപ്പിച്ചാണ് തലസ്ഥാനത്ത് കഫേ ആരംഭിക്കുന്നത്.15 വനിതകൾ ചുക്കാൻ പിടിക്കുന്ന കഫേയിൽ വെജ്,നോൺവെജ് വിഭവങ്ങളുണ്ടാകും.കുടുംബശ്രീയുടെ വനിതാ സംരംഭകർ ഇതിനകം കിയോസ്‌കുകൾ,കാന്റീനുകൾ, കാറ്ററിംഗ് സർവീസുകൾ,ജനകീയ ഹോട്ടലുകൾ,കഫേ കുടുംബശ്രീ ഔട്ട്‌ലെറ്റുകൾ എന്നിവ നടത്തുന്നുണ്ട്. കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റുകൾ വരുമാനത്തിന്റെയും ജീവനക്കാരുടെയും കാര്യത്തിൽ കൂടുതൽ വിപുലമായ സൗകര്യങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. പൊതുവായ ബ്രാൻഡിംഗ്,ലോഗോ,യൂണിഫോം,സോഫ്ട്‌വെയർ എന്നിവയുണ്ട്. ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളും വൈകാതെ പ്രീമിയം റെസ്റ്രോറന്റിനെ ലിസ്റ്റ് ചെയ്യും.