d

#പെൻഷൻ പ്രായം 57 ആയി ഉയർത്താൻ സാദ്ധ്യത

തിരുവനന്തപുരം: നിയമസഭയുടെ സമ്പൂർണ്ണ ബഡ്ജറ്റ് സമ്മേളനം ജനുവരി 20 ന് തുടങ്ങും. 15 ദിവസത്തേക്കാണ് സമ്മേളനം . ബഡ്ജറ്റിന് പുറമെ അത്യാവശ്യം വേണ്ട ബില്ലുകളും അവതരിപ്പിക്കാൻ അനുമതി നൽകും.സി.പി.എം ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുകയാണ്. മാർച്ചിലാണ് സംസ്ഥാന സമ്മേളനം . ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ജനുവരിയിൽ ബഡ്ജറ്റ് അവതരണം തീരുമാനിച്ചത്.

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആയി ഉയർത്താനുള്ള തീരുമാനവും സമ്മേളനത്തിൽ ഉണ്ടാവാനാണ് സാദ്ധ്യത. കേന്ദ്രത്തിലെ പെൻഷൻ പ്രായം 60 ആണ് . സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻകാരുടെ വിരമിക്കൽ പ്രായവും 60 ആണ്. ഈ സാഹചര്യത്തിൽ പെൻഷൻ പ്രായം ഉയർത്തുന്നതിൽ വലിയ എതിർപ്പു വരാനുള്ള സാദ്ധ്യതയില്ലെന്ന് സർക്കാർ കണക്ക് കൂട്ടുന്നു. ശമ്പളവും പെൻഷനുമായി ഒരു വർഷം 57,000 കോടിയുടെടെ ബാദ്ധ്യതയാണ് സർക്കാരിനുള്ളത്. ഒരു വർഷം വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാൻ 4000 കോടിയോളം വേണം. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാരിന് പെൻഷൻ പ്രായം ഒരു വർഷം കൂട്ടിയാൽ ആനുകൂല്യം നൽകൽ ബാദ്ധ്യതയിൽ നിന്ന് താത്കാലികമായി ഒഴിവാകാം.