തിരുവനന്തപുരം:പൊലീസ് നിയന്ത്രണം പാളിയതോടെ തലസ്ഥാന ജില്ലയിൽ വീണ്ടും ഗുണ്ടകൾ തലപൊക്കിത്തുടങ്ങി. ജില്ലയിലെ ഗുണ്ടാനിയന്ത്രണം പാടെ പാളിയെന്നാണ് ആക്ഷേപം.കഴിഞ്ഞ രണ്ട് ദിവസത്തിനകം രണ്ട് ഗുണ്ടാ ആക്രമണങ്ങളാണ് തലസ്ഥാനത്തുണ്ടായത്. രണ്ട് ആക്രമണങ്ങളും പൊലീസിനു നേരെയാണെന്നുള്ളത് വലിയ ഗൗരവതരമാണ്. നെടുമങ്ങാട്ടും കരമനയിലുമാണ് ഗുണ്ടകൾ പൊലീസിനെ ആക്രമിച്ചത്.

പൊലീസിനെപ്പോലും ഗുണ്ടകൾക്ക് ഭയമില്ലെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്.രണ്ട് ആക്രമണങ്ങളും നടന്നത് ഗുണ്ടാസംഘത്തിന്റെ ഒത്തുചേരൽ,​ലഹരിപാർട്ടി എന്നിവയുടെ ഇടയിലാണ്.സ്ഥിരമായി ഗുണ്ടാ ഒത്തുചേരൽ തലസ്ഥാന ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ അറിയിപ്പുകളൊന്നും വേണ്ട വിധത്തിൽ സിറ്റി,​ജില്ലാ പൊലീസ് മേധാവികൾ പോലും ഗൗരവത്തിലെടുത്തിട്ടില്ലെന്നാണ് ആക്ഷേപം.

നെടുമങ്ങാട് ആക്രമണം ഗൗരവതരം

നെടുമങ്ങാട് കഴിഞ്ഞ ദിവസം പൊലീസിന് നേരെയുള്ള ഗുണ്ട ആക്രമണം ഗൗരവതരമാണെന്നാണ് ഉന്നത ഉദ്യോഗസ്ഥ തലത്തിലെ ചർച്ച. മുൻപ് നൽകിയ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും ജില്ലയിലെ ഉന്നത പൊലീസ് സംഘം അവഗണിച്ചുവെന്നാണ് ആക്ഷേപം. സ്റ്റേഷനിലെ സി.ഐ ഉൾപ്പെടെയുള്ളവരെയാണ് ആക്രമിച്ചത്.20 ഓളം കുപ്രസിദ്ധ ഗുണ്ടകൾ ഒത്തുചേർന്ന പിറന്നാൾപ്പാർട്ടിയെ പറ്റി അന്വേഷിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെയായിരുന്നു ആക്രമണം.ഇത്രയുമധികം ഗുണ്ടകൾ ഒത്തുചേരുന്നത് പൊലീസ് അറിഞ്ഞിരുന്നു.ഇത് വിലക്കിയിരുന്നു.പൊലീസിന്റെ വാക്കിന് പുല്ലുവില കല്പിച്ചാണ് പാർട്ടി കൊണ്ടാടിയത്.പല കേസിലെയും പിടികിട്ടാപ്പുള്ളികൾ വരെയുള്ളവർ പങ്കെടുത്തിട്ടും പൊലീസിന് അതുവേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ സാധിച്ചില്ല.നെടുമങ്ങാട്ടത്തെ കുപ്രസിദ്ധ ഗുണ്ട സ്റ്റംബർ അനീഷിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. കരമനയിൽ പൊലീസിനെ ആക്രമിച്ചതും നാടിനെ നടുക്കിയ അനന്തു കൊലക്കേസ് പ്രതി വിഷ്ണുരാജാണ്.

ഓപ്പറേഷൻ ആഗ് നിലച്ചു

ഗുണ്ടകളെ അമർച്ചചെയ്യാൻ ഓപ്പറേഷൻ 'ആഗ്' എന്ന പേരിൽ രൂപീകരിച്ച പദ്ധതിയും ഇപ്പോൾ നിലച്ച മട്ടാണ്. ജില്ലയിലെ ആഗിന്റെ പ്രവർത്തനം വിലയിരുത്തുമെന്നും ജില്ലാ പൊലീസ് മേധാവികൾക്ക് പൊലീസ് ആസ്ഥാനത്തുനിന്ന് അറിയിപ്പും നൽകിയിരുന്നു.എന്നാൽ ഇതിന്റെ തുടർനടപടികളിൽ പാളിച്ച പറ്റി. ജില്ലയിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാൻ തയാറാക്കിയ ആക്ഷൻ പ്ലാൻ അനുസരിച്ച് ഗുണ്ടാ,റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരെയും ഗുണ്ടാ സാദ്ധ്യത ലിസ്റ്റിലുള്ളവരെയും പ്രത്യേകം നിരീക്ഷിക്കാൻ ഓരോ സ്റ്റേഷനിലും ഓരോ സി.പി.ഒമാരെ നിയോഗിക്കാനും എല്ലാ ദിവസവും ഇവരുടെ നീക്കങ്ങൾ റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ടായിരുന്നു. ഇതും പാലിക്കപ്പെട്ടിട്ടില്ല.ജില്ലയിലെ പ്രധാന ഗുണ്ടകളൊന്നും പൊലീസ് വലയിലായിട്ടില്ലെന്നതും ഗൗരവതരമാണ്.