
തിരുവനന്തപുരം : വിരബാധ കുട്ടികളുടെ വളർച്ചയെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നതിനാൽ എല്ലാ കുട്ടികളും വിര നശീകരണത്തിനുള്ള ഗുളിക കഴിച്ചെന്ന് മാതാപിതാക്കൾ ഉറപ്പാക്കണമെന്ന് മന്ത്രി വീണജോർജ്. വിര വിമുക്ത ദിനമായ ഇന്ന് വിദ്യാലയങ്ങളിൽനിന്നും വിദ്യാലയങ്ങളിൽ എത്താത്ത കുട്ടികൾക്ക് അങ്കണവാടികളിൽ നിന്നും ഗുളിക നൽകും. ഈദിവസങ്ങളിൽ ഗുളിക കഴിക്കാൻ സാധിക്കാത്തവർക്ക് ഡിസംബർ 3-ന് നൽകും. ഈ കാലയളവിൽ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്ന, ഈ പ്രായത്തിലുളള ഗുളിക കഴിച്ചിട്ടില്ലാത്ത എല്ലാകുട്ടികൾക്കും ഗുളിക നൽകും.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 1 മുതൽ 14 വയസ് വരെയുളള 64% കുട്ടികളിൽ വിരബാധയ്ക്ക് സാദ്ധ്യതയുണ്ട്. ഒരു വർഷത്തിൽ 6 മാസത്തെ ഇടവേളകളിലായി രണ്ടു പ്രാവശ്യം വിര നശീകരണത്തിനുള്ള ഗുളിക നൽകണം.സ്‌കൂളുകളും അങ്കണവാടികളും വഴി കുട്ടികൾക്ക് വിര നശീകരണത്തിനായി ആൽബൻഡസോൾ ഗുളിക നൽകുന്നുണ്ട്. വിരബാധ കൂടുതലുളള കുട്ടികളിൽ ഗുളിക കഴിക്കുമ്പോൾ അപൂർവമായി വയറുവേദന, ഛർദ്ദി, ചൊറിച്ചിൽ, ശരീരത്തിൽ തടിപ്പുകൾ എന്നിവ ഉണ്ടാകാം.
ഒന്ന് മുതൽ 2 വയസുവരെ............അര ഗുളിക200 മില്ലിഗ്രാം)
2 മുതൽ 19 വയസുവരെ................ഒരു ഗുളിക (400 മില്ലിഗ്രാം)
ചെറിയ കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ വെളളത്തിൽ ഗുളിക അലിയിച്ചു കൊടുക്കണം.
മുതിർന്ന കുട്ടികൾ ഉച്ചഭക്ഷണത്തിന് ശേഷം ചവച്ചരച്ച് കഴിക്കണം. വെളളം കുടിക്കണം.
എന്തെങ്കിലും അസുഖമുളള കുട്ടികൾക്ക് ഗുളിക നൽകരുത്.
തിരിച്ചറിയണം ലക്ഷണങ്ങൾ
വിരബാധയുണ്ടെങ്കിൽ ഉത്സാഹക്കുറവ്, ക്ഷീണം, വിളർച്ച, വയറുവേദന, തലകറക്കം, ഛർദ്ദി, പോഷകക്കുറവ്, വിശപ്പില്ലായ്മ, ഭാരക്കുറവ്, ശ്രദ്ധക്കുറവ്, വയറിളക്കം മുതലായവ ഉണ്ടാകാം. കുട്ടികളിൽ വിരയുടെ തോത് വളരെ കൂടുതലാണെങ്കിൽ കുടലിന്റെ പ്രവർത്തനം തടസപ്പെടാനും ചികിത്സ യഥാസമയം ലഭ്യമായില്ലെങ്കിൽ സങ്കീർണമാകാനും സാദ്ധ്യതയുണ്ട്.