
തിരുവനന്തപുരം: സ്നേഹമെന്ന ഔഷധംകൊണ്ട് മനുഷ്യമനസുകളെ ചികിത്സിക്കുകയായിരുന്നു നിത്യചൈതന്യ യതിയെന്ന് ശിഷ്യനും എഴുത്തുകാരനുമായ ഷൗക്കത്ത്. കേന്ദ്ര സാഹിത്യ അക്കാഡമി കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിച്ച നിത്യചൈതന്യ യതി ജന്മശതാബ്ദി ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹജീവികളെ തന്റേതുതന്നെ ഭാഗമായി സ്വീകരിച്ചുകൊണ്ട് ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങൾ അദ്ദേഹം പ്രചരിപ്പിച്ചു. നടരാജഗുരുവിൽ നിന്ന് നേടിയ അറിവും കുമാരനാശാനിൽ നിന്ന് സ്വാംശീകരിച്ച കാവ്യാത്മകതയും യതിയുടെ ജീവിതത്തെ അഗാധമായി സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സന്യാസിമാരിൽ ഏറ്റവും വലിയ അനുരാഗിയായിരുന്നു നിത്യചൈതന്യ യതിയെന്ന് സമാപനസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ കവിയും നോവലിസ്റ്റുമായ വി.ജി. തമ്പി അഭിപ്രായപ്പെട്ടു.
സാഹിത്യ അക്കാഡമി മലയാളം ഉപദേശക സമിതി അംഗങ്ങളായ ഡോ.ടി.കെ.സന്തോഷ് കുമാർ, ഡോ.സാബു കോട്ടുക്കൽ, ആശാൻ മെമ്മോറിയൽ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് അഡ്വ.ചെറുന്നിയൂർ ജയപ്രകാശ്, സെക്രട്ടറി വി.ലൈജു, ട്രഷറർ ഡോ.ബി.ഭുവനചന്ദ്രൻ, ഭരണസമിതി അംഗം ജയിൻ.കെ.വക്കം എന്നിവർ സംസാരിച്ചു. ശിവഗിരി ശ്രീനാരായണ കോളേജ് മലയാളം വിഭാഗം അദ്ധ്യക്ഷ ഡോ.സ്മിതാ പ്രകാശ്, ഡോ.പി.കെ. സാബു, ഡോ.ടി.സനൽകുമാർ, കവി ശാന്തൻ എന്നിവർ നിത്യചൈതന്യ യതിയെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചു.