rathikkal-road

വർക്കല: തിരുവനന്തപുരം- കൊല്ലം തീരദേശപാതയുടെ ഭാഗമായ റാത്തിക്കൽ റോഡ് തകർന്നിട്ട് അഞ്ചു വർഷം പിന്നിടുന്നു. റോഡ് തകർന്നിട്ട് ഇത്രയും വർഷമായിട്ടും അത് പരിഹരിച്ച് ഗതാഗത സജ്ജമാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. മഴ ശക്തമായതോടെ റാത്തിക്കൽ മുതൽ താഴെവെട്ടൂർ വരെയുള്ള തീരദേശ റോഡിൽ യാത്ര ദുരിതമായി. റാത്തിക്കൽ മുസ്ളിം പള്ളിയുടെ മുൻ ഭാഗത്തും താഴെവെട്ടൂർ തൈക്കാവിന് സമീപവും റോഡ് കുണ്ടും കുഴിയുമായി തുടരുകയാണ്. ചെളിക്കെട്ടായി മാറിയ റോഡിൽ ഇരുചക്രവാഹനങ്ങളുൾപ്പെടെ തെന്നിവീണ് അപകടങ്ങൾ പതിവാണ്.

 സംരക്ഷണഭിത്തിയുടെ നീളം വർദ്ധിപ്പിക്കണം

ദേശീയ ജലപാതാ നവീകരണവുമായി ബന്ധപ്പെട്ട് ടി.എസ്. കനാലിലെ ഡ്രഡ്ജിംഗിനിടെയാണ് തീരദേശ റോഡിന്റെ തകർച്ച തുടങ്ങുന്നത്. റാത്തിക്കൽ പള്ളിയുടെ മുൻവശം മുതൽ റാത്തിക്കൽതൊട്ടിപ്പാലം വരെയുള്ള റോഡ് പല തവണ കനാലിലേക്ക് ഇടിഞ്ഞുവീണു. താഴെവെട്ടൂർ ജംഗ്ഷനും തൈക്കാവിനും മദ്ധ്യേയുള്ള ഭാഗത്തും റോഡിന്റെ പാർശ്വഭാഗം ഇടിയുകയും റോഡിന് വിള്ളൽ വീഴുകയും ചെയ്തു. റാത്തിക്കൽ പള്ളിയുടെ മതിലും മുൻഭാഗവും മണ്ണിടിച്ചിലിൽ തകർന്നു. പള്ളിയുടെ മുൻഭാഗത്താണ് ഏറ്റവുമധികം തകർച്ച. പരിഹാരമായി റാത്തിക്കലിൽ റോഡിനും കനാലിനുംമദ്ധ്യേ 150 മീറ്റർ കോൺക്രീറ്റ് സംരക്ഷണഭിത്തി ഉൾനാടൻ ജലഗതാഗതവകുപ്പ് നിർമ്മിച്ചു. ഈ പ്രദേശത്ത് കനാൽ ഭാഗത്തേക്കുള്ള നീരുറവയുടെ പ്രവാഹം റോഡിന് ബലക്ഷയമുണ്ടാക്കുന്നുണ്ട്. കോൺക്രീറ്റ് ഭിത്തി കഴിഞ്ഞുള്ള ഭാഗത്ത് തെങ്ങിൻ കുറ്റിയടിച്ചാണ് നിലവിൽ റോഡിന് സംരക്ഷണമൊരുക്കിയിട്ടുള്ളത്. നിർമ്മാണജോലികൾ നടന്നപ്പോൾ വർഷങ്ങളോളം റോഡിൽ ഗതാഗതം മുടങ്ങിയിരുന്നു.

നടപടികളില്ല...
ക്വാറി വേസ്റ്റിട്ട് റോഡ് ഉറപ്പിച്ച് ടാറിടൽ നടത്താനുള്ള നടപടികൾ ഉണ്ടായില്ല. മഴ തുടങ്ങിയതോടെ മണ്ണിട്ട ഭാഗമെല്ലാം ചെളിക്കെട്ടായി മാറി. വാഹന ഗതാഗതം തുടങ്ങിയതോടെ റോഡിൽ കുഴികളുമായി. കാൽനടപോലും ഇവിടെ ഞാണിന്മേൽ കളിയാണ്. ഇരുചക്രവാഹനയാത്രക്കാർ യാത്രക്കിടെ കാലു കുത്തിയാൽ ചെളിയിൽ തെന്നിവീഴും. റോഡ് തകർന്നതോടെ പ്രദേശത്ത് താമസിക്കുന്നവർ നിരവധി ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്.