crime-

റാന്നി : യു കെയിൽ നഴ്സിംഗ് അസിസ്റ്റന്റ് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തശേഷം 50,000 രൂപ തട്ടിയ കേസിൽ ഒന്നാം പ്രതിയെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കരിക്കുറ്റി സ്വദേശിനിയെ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇടുക്കി അണക്കര രാജാക്കണ്ടം വണ്ടൻമേട് കല്ലട വാഴേപ്പറമ്പിൽ വീട്ടിൽ ജോമോൻ ജോൺ (42) ആണ് പിടിയിലായത്. കഴിഞ്ഞവർഷം ഡിസംബർ 22 ന് യുവതിയുടെ കോഴിക്കോട് ഗോവിന്ദപുരത്തുള്ള പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലെ അക്കൗണ്ടിൽ നിന്ന് ജോമോന്റെ കൂട്ടുകാരനും രണ്ടാം പ്രതിയുമായ മനു മോഹൻ മുഖേന ഒന്നാം പ്രതിയുടെ റാന്നിയിലുള്ള സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. ഈ മാസം രണ്ടിന് റാന്നി പൊലീസ് സ്റ്റേഷനിൽ എത്തി യുവതി വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. ഇസ്രായേൽ, യു കെ എന്നിവടങ്ങളിലേക്ക് ജോലി തരപ്പെടുത്താമെന്ന് പറഞ്ഞാണ് ഇയാൾ തട്ടിപ്പ് ഏറെയും നടത്തുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. റാന്നി ഡി വൈ എസ് പി ആർ ജയരാജിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പൊലീസ് ഇൻസ്‌പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എ എസ് ഐ അജു കെ അലി, എസ് സി പി ഓമാരായ അജാസ് ചാരുവേലിൽ,ഗോകുൽ എന്നിവരാണ് ഉള്ളത്.