വെള്ളിക്കുളങ്ങര : അയൽവാസിയായ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ യുവാവിനെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിക്കുളങ്ങര മാരാങ്കോട് പടിഞ്ഞാക്കര വീട്ടിൽ ബിനീഷിനെയാണ് (32) വെള്ളിക്കുളങ്ങര സി.ഐ എം.കൃഷ്ണൻ, എസ്.ഐ എ.അഫ്‌സൽ, സീനിയർ സി.പി.ഒ വി.രാഗേഷ്, സ്‌പെഷ്യൽ ബ്രാഞ്ച് ഫീൽഡ് സ്റ്റാഫ് എം.എസ്.ഷോജു എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.

പ്രതി വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. നഗ്‌ന ഫോട്ടോകൾ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് കാട്ടി യുവതി നൽകിയ പരാതിയിലാണ് പൊലീസ് നടപടി. 2022 ഏപ്രിലിൽ നിലമ്പൂരും പ്രതിക്കെതിരെ സമാന കേസുണ്ടെന്ന് സി.ഐ പറഞ്ഞു. വാട്‌സ് ആപ്പ് വഴി സൗഹൃദം സ്ഥാപിച്ച് സ്ത്രീകൾ അറിയാതെ അവരുടെ വീഡിയോ അല്ലെങ്കിൽ ഫോട്ടോ പകർത്തിയാണ് പീഡിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. 2018 ൽ അതിരപ്പിള്ളിയിൽ നിന്ന് ആളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കിയ സംഭവത്തിലും ഇയാൾ പ്രതിയാണ്. ഇന്നലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ പ്രതി വിലങ്ങോടെ ഓടി രക്ഷപ്പെടാനും ശ്രമിച്ചു.

ചാലക്കുടി മജിസ്‌ട്രേറ്റ് അവധിയിലായിരുന്നതിനാൽ കൊടുങ്ങല്ലൂർ മജിസ്‌ട്രേറ്റിന്റെ മുതുവറയിലുള്ള വീട്ടിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ തളിക്കുളത്ത് വച്ചായിരുന്നു പ്രതി രക്ഷപ്പെടാൻ ശ്രമിച്ചത്. ഹോട്ടലിൽ നിന്ന് ഉച്ചയൂണ് കഴിഞ്ഞിറങ്ങിയ ഉടനെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് കീഴ്‌പ്പെടുത്തി. ഈ സംഭവത്തിൽ പ്രതിക്കെതിരെ വാടാനപ്പിള്ളി പൊലീസ് കേസെടുത്തു.