
കാട്ടാക്കട: ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പ്രിൻസിപ്പലുടെ സാന്നിദ്ധ്യത്തിൽ ഏറ്റുമുട്ടി. തടയാനെത്തിയ പ്രിൻസിപ്പലിനും പി.ടി.എ പ്രസിഡന്റിനും ഗുരുതര പരിക്ക്. പൂവച്ചൽ വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികളാണ് അതിക്രമംകാട്ടി സ്കൂളിനും നാടിനും അപമാനമായത്.
വിദ്യാർത്ഥികൾ കസേരകൾ എടുത്ത് വീശി അടിക്കുന്നതിനിടയിലാണ് ഇരുവർക്കും പരിക്കേറ്റത്. തലയ്ക്കും കഴുത്തിനും മൂക്കിനും പരിക്കേറ്റ പ്രിൻസിപ്പൽ പ്രിയയെ (47) കാട്ടാക്കടയിലെ സ്വകാര്യാശുപത്രി ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ പി.ടി.എ പ്രസിഡന്റ് രാഘവലാൽ(45) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികൾ സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടൽ പതിവായിരുന്നു. ഇന്നലെ ഇരുവിഭാഗം വിദ്യാർത്ഥികളെയും ഓഫീസ് മുറിയിൽ അനുരഞ്ജനത്തിനായി വിളിച്ചുവരുത്തി. പ്രിൻസിപ്പലും പൂവച്ചൽ ഗ്രാമപഞ്ചായത്തംഗം കൂടിയായ പി.ടി.എ പ്രസിഡന്റും സന്നിഹിതനായിരുന്നു. ഓഫീസ് മുറിയിലെത്തിയ വിദ്യാർത്ഥികൾ തമ്മിൽ ചർച്ചക്കിടയിൽ വീണ്ടും വാക്കേറ്റമുണ്ടായി. പ്രിൻസിപ്പലിനെയും പി.ടി.എ പ്രസിഡന്റിനെയും വകവയ്ക്കാതെ അവർ തമ്മിൽ തെരുവുഗുണ്ടകളെപ്പോലെ ഏറ്റുമുട്ടാൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ട്.
രംഗം ശാന്തമാക്കാൻ പ്രിൻസിപ്പലും പി.ടി.എ പ്രസിഡന്റും ഇടപെടുന്നതിനിടയിലാണ് ഓഫീസ് മുറിയിലുണ്ടായിരുന്ന കസേരകളെടുത്ത് വിദ്യാർത്ഥികൾ കൈയാങ്കളി നടത്തിയത്.ഇതിനിടയിൽപ്പെട്ട പ്രിൻസിപ്പലും പി.ടി.എ പ്രസിഡന്റും കസേരയുടെ അടികൊണ്ട് നിലത്തുവീണു.തലയ്ക്കും കഴുത്തിലും മൂക്കിലും ഗുരുതര പരിക്കേറ്റ പ്രിൻസിപ്പൽ രക്തം വാർന്ന് നിലത്തുകിടന്ന ദൃശ്യംപോലും അക്രമികൾ വകവച്ചില്ല. പ്രിൻസിപ്പലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പി.ടി.എ പ്രസിഡന്റിനെയും അടിച്ചിട്ടത്. അദ്ദേഹത്തിന് നെഞ്ചിലും ശരീരത്തിലാകെയും അക്രമികളുടെ ചവിട്ടേറ്റു.
'നിന്നെ എടുത്തോളാം"
സ്കൂളിലെ ഒന്നാംവർഷ വിദ്യാർത്ഥി 'നിന്നെ എടുത്തോളാം" എന്ന് പറഞ്ഞ് രണ്ടാം വർഷ വിദ്യാർത്ഥിയുടെ ഇൻസ്റ്റാഗ്രാമിൽ കമന്റിട്ടിരുന്നു. ഇതിനെത്തുടർന്ന് ചിലർ തമ്മിൽ വാക്കുതർക്കം ഉണ്ടായി. സ്കൂളിൽ ഇത്തരം സംഭവങ്ങൾ പതിവായി ഉണ്ടാകുന്നത് കാരണമാണ് രക്ഷാകർത്താക്കളുടെയും കുട്ടികളുടെയും യോഗം ഇന്നലെ വിളിച്ചത്. ഈ യോഗത്തിനിടയാണ് വീണ്ടും രണ്ടാം വർഷ വിദ്യാർത്ഥികൾ അക്രമാസക്തരായി ബഹളം വയ്ക്കുകയും കസേരയെടുത്തു അടിക്കുകയും ചെയ്തത്. സംഭവത്തെ തുടർന്ന് കാട്ടാക്കട പൊലീസ് എത്തി കൂടുതൽ സംഘർഷാവസ്ഥ ഒഴിവാക്കി. പ്ലസ് വൺ,പ്ലസ്ടു വിദ്യാർത്ഥികളായ 18 പേരെ സ്കൂളിൽ നിന്നു പുറത്താക്കി. രക്ഷിതാക്കളെ പൊലീസ് സ്കൂളിലേക്ക് വിളിച്ചുവരുത്തി കുഴപ്പമുണ്ടാക്കിയ വിദ്യാർത്ഥികളെ അവർക്കൊപ്പം വിട്ടയച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ തിരിച്ചറിഞ്ഞ 8 വിദ്യാർത്ഥികൾ ഉൾപ്പെടെ 20 കുട്ടികൾക്കെതിരെ കേസെടുത്തതായി കാട്ടാക്കട പൊലീസ് പറഞ്ഞു.