തിരുവനന്തപുരം: മാലിന്യമിടൽ അറുതിയില്ലാതെ തുടരുന്ന ആമയിഴഞ്ചാൻ തോട് നവീകരണത്തിന് പുതിയ പദ്ധതിയുമായി ജലസേചന വകുപ്പ്. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിറങ്ങിയ കരാർ തൊഴിലാളി മുങ്ങിമരിക്കാനിടയായ സംഭവം വലിയ വിവാദമായിരുന്നു. മാലിന്യ നീക്കത്തിന് നഗരസഭയുടെ നിസഹകരണം കൂടി തുടരുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി. വഞ്ചിയൂർ മുതൽ പാറ്റൂർ വരെ 700മീറ്റർ ദൂരത്തിലുള്ള ആമയിഴഞ്ചാൻ തോടിന്റെ മുകളിലൂടെ റോഡ് നിർമ്മിക്കാനാണ് ജലസേചന വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്. റോഡ് നിർമ്മാണത്തെച്ചൊല്ലി ജലസേചന പൊതുമരാമത്ത് വകുപ്പുകൾ തമ്മിൽ ദീർഘനാളായി തർക്കത്തിലായിരുന്നു. പിന്നീട് വകുപ്പ് മന്ത്രിമാർ തമ്മിൽ നടത്തിയ ചർച്ചയിലാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടത്. തോടിന്റെ ഉടമസ്ഥാവകാശമുള്ള ജലസേചന വകുപ്പാണ് റോഡ് നിർമ്മിക്കുന്നത്.

10 മീറ്ററിൽ തുറക്കാൻ കഴിയുന്ന സ്ളാബുകൾ

പുതിയതായി നിർമ്മിക്കുന്ന റോഡിൽ ഓരോ 10 മീറ്ററിലും സ്ലാബുകൾ സ്ഥാപിക്കും. ഇവ ഏത് അടിയന്തര ഘട്ടത്തിലും തുറക്കാൻ കഴിയുന്ന രീതിയിലായിരിക്കും. മാലിന്യങ്ങൾ തടസമില്ലാതെ ഒഴുകിപ്പോകുന്നതിനും സൗകര്യമൊരുക്കും. നിലവിൽ തോടിന്റെ വശത്ത് 288 മീറ്ററോളം കോൺക്രീറ്റ് സ്ലാബിട്ട് ഇന്റർലോക്ക് പാകിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ശേഷിക്കുന്ന നിർമ്മാണം. തോട്ടിലെ തടസങ്ങൾ നീക്കുന്നതിനായി 50 മീറ്ററിടവിട്ട് മാൻഹോളുകളും നിർമ്മിക്കും. നിലവിലെ മാലിന്യം നീക്കംചെയ്ത് ഇനി മാലിന്യ നിക്ഷേപമുണ്ടാവാത്ത രീതിയിലാണ് റോഡ് നിർമ്മാണം. തോട് ആരംഭിക്കുന്നിടത്ത് മാലിന്യം കയറാതിരിക്കാൻ ഗ്രില്ലുകളും സ്ഥാപിക്കും. സ്ലാബ് വരുന്നതോടെ തോട്ടിൽ നിന്നുള്ള ദുർഗന്ധത്തിനും പരിഹാരമാകും.

രണ്ട് ഘട്ടങ്ങൾ

രണ്ടുഘട്ടങ്ങളായി വഞ്ചിയൂർ കോടതി മുതൽ സെൻട്രൽ മാൾ വരെയുള്ള തോടിന്റെ ഭാഗമാണ് റോഡിനായി സ്ലാബിടുന്നത്. 26കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ 9കോടി ചെലവിൽ 288 മീറ്ററാണ് സ്ലാബിടുന്നത്. തുക പൊതുമരാമത്ത് വകുപ്പ് ജലസേചന വകുപ്പിന് കൈമാറും. രണ്ടാം ഘട്ടമായി കണ്ണമ്മൂല പാലം വരെയുള്ള തോടിന്റെ ഭാഗത്തും സ്ലാബിടും. ഇതിന് 14 കോടിയാണ് ചെലവ്. കോടികൾ മുടക്കി തോട് വൃത്തിയാക്കിയിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് സ്ലാബിടാൻ തീരുമാനിച്ചത്. സ്ലാബിട്ട് റോഡാക്കുന്നതോടെ വഞ്ചിയൂർ പാറ്റൂർ മെയിൻ റോഡ്, വഞ്ചിയൂർ അമ്പലത്തുമുക്ക് പള്ളിമുക്ക് റോഡ് എന്നിവയെക്കാളും വീതിയുള്ളതായി ഈ റോഡ് മാറും.