നെയ്യാറ്റിൻകര: ശ്രീനാരായണ ഗുരുദേവൻ തുടക്കം കുറിച്ച സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ഊട്ടിയുറപ്പിക്കുന്നതാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസമെന്ന് മന്ത്രി ജി.ആർ.അനിൽ. തിരുവനന്തപുരം റവന്യൂജില്ലാ കലോത്സവം നെയ്യാറ്റിൻകര ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ മാറ്റത്തിന് തിരിതെളിക്കാൻ ഗുരുദേവൻ തിരഞ്ഞെടുത്തത് നെയ്യാറ്റിൻകരയിലെ അരുവിപ്പുറമാണ്. നമ്മുടെ സൗഹാർദ്ദാന്തരീക്ഷം നിലനിറുത്തുന്നതിൽ സ്‌കൂൾ കലോത്സവങ്ങൾക്ക് പങ്കുണ്ട്. സൗഹൃദാന്തരീക്ഷം തകർക്കാൻ നിരവധി ശ്രമങ്ങളുണ്ടായെങ്കിലും പൊതുവിദ്യാഭ്യുറമേഖലയുടെ മികവിനാൽ അതിനെയെല്ലാം അതിജീവിക്കാനായെന്നും മന്ത്രി പറഞ്ഞു.
കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ. സലൂജ, നെയ്യാറ്റിൻകര നഗരസഭ വൈസ് ചെയർപേഴ്സൻ പ്രിയാ സുരേഷ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ.സാദത്ത്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ, ആർ.ഷീജ. (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഡിഡി ഓഫീസ് )
കൗൺസിലർ ഷിബുരാജ് കൃഷ്ണ എന്നിവർ പങ്കെടുത്തു. നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ.രാജമോഹനൻ സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ സലിം രാജ് നന്ദിയും പറഞ്ഞു.
റൂബിക്സ് ക്യൂബ് ഉപയോഗിച്ച് മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ ചിത്രം മെനഞ്ഞ ജാൻവി അശോകിന് മന്ത്രി ഉപഹാരം നൽകി. ഉദ്ഘാടനച്ചടങ്ങിൽ കലാപരിപാടികൾ അവതരിപ്പിച്ച സ്‌കൂളുകൾക്കുള്ള ഉപഹാരം കെ. ആൻസലൻ എം.എൽ.എ വിതരണം ചെയ്തു.