photo

നെടുമങ്ങാട്: ഗുണ്ടാസംഘത്തിന്റെ വിരുന്ന് സത്കാരം തടയാൻ ശ്രമിച്ച സി.ഐ അടക്കമുള്ള പൊലീസുകാരെ ആക്രമിച്ച കുപ്രസിദ്ധ ഗുണ്ട സ്റ്റമ്പർ അനീഷും കൂട്ടാളികളും അറസ്റ്റിൽ. ഞായറാഴ്ച രാത്രി പന്ത്രണ്ടോടെ മുക്കോലയിലെ വാടക വീട്ടിൽ ഒത്തുകൂടിയ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ നെടുമങ്ങാട് സി.ഐ രാജേഷ് കുമാർ,എസ്.ഐമാരായ സന്തോഷ്‌കുമാർ,ഓസ്റ്റിൻ ടെന്നിസൺ,സി.പി.ഒ അജിത് മോഹൻ എന്നിവർക്കാണ് പരിക്കേറ്റത്.

സ്റ്റമ്പർ അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാൾ ആഘോഷിക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഗുണ്ടകളെത്തിയത്. കാപ്പ കേസിൽ റിമാൻഡിലായിരുന്ന അനീഷ് ഇക്കഴിഞ്ഞ 24നാണ് പുറത്തിറങ്ങിയത്. ഗുണ്ടകൾക്കൊപ്പം ഒത്തുകൂടുകയോ ആഘോഷങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യരുതെന്ന് വിലക്കുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് സംഘം ഒത്തുകൂടിയത്. സ്ത്രീകളടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നു. പൊലീസിനെ തടിക്കഷണങ്ങളും കല്ലും ഉപയോഗിച്ചാണ് നേരിട്ടത്.എട്ടുപേരെ സാഹസികമായി പൊലീസ് കീഴ്‌പ്പെടുത്തി. രക്ഷപ്പെട്ട നാലുപേരെ ഇന്നലെ ഉച്ചയോടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

കൈയ്ക്കും തലയ്ക്കും പരിക്കേറ്റ സി.ഐയും മറ്റ് പൊലീസുകാരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.

പിടിയിലായ ഗുണ്ടകൾ

വധശ്രമം,അന്യായമായി സംഘം ചേരൽ,കൃത്യനിർവഹണം തടസപ്പെടുത്തൽ,വാഹനങ്ങൾ തകർക്കൽ എന്നീ വകുപ്പുകൾ ചുമത്തി കരിപ്പൂര് ഖാദി ബോർഡ് മൊട്ടൽമൂട് കുഴിവിള വീട്ടിൽ സ്റ്റമ്പർ എന്നു വിളിക്കുന്ന ഡബ്ല്യു.അനീഷ് (30),അരശുപറമ്പ് കിഴക്കുംകര വീട്ടിൽ ആർ.രാഹുൽ രാജൻ (30), വാണ്ട മുടിപ്പുര കുമാരീ സദനത്തിൽ എ.വിഷ്ണു (33), വാണ്ട ത്രിവേണി സദനം വീട്ടിൽ ജെ.പ്രേംജിത്ത് (37),പനങ്ങോട്ടേല അഖിലേഷ് ഭവനിൽ എസ്.അനൂപ് (20),മേലാംകോട് മൂത്താംകോണം പുളിമൂട്ടിൽ വീട്ടിൽ ആർ.രാഹുൽ രാജ് (20),മൂത്താംകോണം തടത്തരികത്തു പുത്തൻവീട്ടിൽ എ.രഞ്ജിത്ത് (30),നെട്ടിറച്ചിറ പന്തടിവിള വീട്ടിൽ എം.സജീവ് (29),പാങ്ങോട് കൊച്ചാലുംമൂട് കാഞ്ചിനട സാന്ദ്ര ഭവനിൽ എം.ജഗൻ (24),ഉണ്ടപ്പാറ കുഴിവിള സംഗീത ഭവനിൽ എസ്.സജിൻ (24),വിതുര കൊപ്പം വൃന്ദ ഭവനിൽ ബി.വിഷ്ണു (24),വെള്ളനാട് കൂവക്കൂടി നിധിൻ ഭവനിൽ യു.ജിതിൻ കൃഷ്ണ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.