നെയ്യാറ്റിൻകര: കലോത്സവത്തിന്റെ പതാക ഉയർത്തൽ ചടങ്ങിനിടെ കയറിന്റെ കുരുക്കഴിക്കാൻ വിദ്യാർത്ഥിയെ ഇരുപതടി ഉയരമുള്ള കൊടിമരത്തിൽ കയറ്റിയതിനെതിരെ രക്ഷിതാക്കളുടെ പരാതി.നെയ്യാറ്റിൻകര ബോയ്സ് സ്‌കൂളിൽ പതാക ഉയർത്തൽ ചടങ്ങിനിടെയാണ് പതാകയുടെ കയർ കുരുങ്ങിയത്.കയർ നേരെയാക്കാൻ പ്ലസ്ടു വിദ്യാർത്ഥിയെ സംഘാടകർ ചുമതലപ്പെടുത്തുകയായിരുന്നു.എൻ.സി.സി,എൻ.എസ്.എസ് വോളന്റിയറായ വിദ്യാർത്ഥി ഫയർ ആൻഡ് സേഫ്ടി ട്രെയിനിംഗും നേടിയിട്ടുണ്ട്.ഇതിനാലാണ് കൊടിമരത്തിന് മുകളിൽ കയറാൻ നിയോഗിച്ചതെന്നാണ് സംഘാടകർ പറയുന്നത്. എന്നാൽ സുരക്ഷാ മുൻകരുതലുകളില്ലാതെ കൊടിമരത്തിൽ കയറ്റിവിട്ടത് സംഘാടകരുടെ ഗുരുതരമായ പിഴവാണെന്ന് രക്ഷിതാക്കൾ ആരോപിച്ചു.