തിരുവനന്തപുരം: നിസഹായർക്ക് കൈത്താങ്ങാകാൻ കലോത്സവ വേദികൾക്കരികെ കടകളൊരുക്കി കുട്ടിഷെഫുമാർ! നെയ്യാറ്റിൻകരയിലെ തനത് ഭക്ഷണമായ 'കാണം' മുതൽ ഗോലി സോഡവരെ ഈ കുഞ്ഞൻ കടകളിലുണ്ട്. നെയ്യാറ്റിൻകര ഗേൾസ് സ്‌കൂളിലും ബോയ്സ് സ്‌കൂളിലുമാണ് കുട്ടികൾ രുചിയൂറും നാടൻ വിഭവങ്ങൾ വിളമ്പുന്നത്. നെയ്യാറ്റിൻകരയിലെ വിവിധ സ്‌കൂളുകളിലെ എസ്പിസി കേഡറ്റുകൾ,എൻ.എസ്.എസ് വോളണ്ടിയർമാർ,സ്‌കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾ,സ്‌കൂൾ ക്ലബുകൾ എന്നിവയുടെ നേതൃത്വത്തിലാണ് കടകളൊരുക്കിയത്.വിൽപ്പനയിലെ വരുമാനം
വയനാട്ടിലെ ദുരിതബാധിതർക്കും വീടില്ലാത്ത സ്‌കൂളിലെ കുട്ടികൾക്കും വീട് നിർമിക്കുന്നതിനായി ഉപയോഗിക്കും.ഗേള്‍സ് സ്‌കൂളിലെ എൻ.എസ്.എസ് അംഗങ്ങളായ കുട്ടികളാണ് നെയ്യാറ്റിൻകരയുടെ സ്വന്തം രുചിയായ കാണം തയ്യാറാക്കിയത്.വേവിച്ചെടുത്ത മുതിരയിലേക്ക് എണ്ണയിൽ താളിച്ച തേങ്ങ,കടുക് കറിവേപ്പില വറ്റൽമുളക് എന്നിവ ചേർത്ത് താളിച്ചെടുക്കുന്നതാണ് പോഷകസമൃദ്ധമായ ഈ ഭക്ഷണം.ഒരില കാണത്തിന് 10 രൂപ. ജ്യൂസ്, പാനി പൂരി, ബ്രഡ് ഓംലറ്റ്, മിഠായികൾ, ജീരക സോഡ, ഗോലി സോഡ ,തട്ടുദോശ, കുപ്പിവള എന്നിവയും കുട്ടികൾ വിൽക്കുന്നുണ്ട്.
കടകളിൽ ക്യാഷറും ഷെഫുമെല്ലാം വിദ്യാർത്ഥികളാണ്.