medicine

തിരുവനന്തപുരം : ആർ.സി.സിയിലെ പാവപ്പെട്ട രോഗികൾക്ക് കൂടുതൽ കൈത്താങ്ങാവാൻ സൗജന്യ ഡ്രഗ് ബാങ്കും ഫുഡ് ബാങ്കും വിപുലീകരിച്ചു.ആശുപത്രിയിൽ അഡ്മിറ്റാകുന്ന എഫ് വിഭാഗത്തിലുള്ളവർക്ക് (ബി.പി.എൽ കാർഡുള്ളവർ) നിലവിൽ മരുന്നും ഭക്ഷണം സൗജന്യമാണ്. ഇനി മുതൽ ഈ വിഭാഗക്കാർക്ക് ഡ്രഗ് ബാങ്കിലൂടെ വിലകൂടിയ കീമോതെറാപ്പി മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, ഡിസ്‌പോസിബിൾസ്, സപ്പോർട്ടീവ് മരുന്നുകൾ എന്നിവ സൗജന്യമായി വിതരണം ചെയ്യും. നിലവിൽ രോഗികൾക്കു മാത്രമായിരുന്ന സൗജന്യ ഭക്ഷണം കൂട്ടിരിപ്പുകാർക്കും ലഭിക്കും. ഒ.പിയിൽ എത്തുന്നവർക്കും ഇതിന്റെ ഗുണം ലഭിക്കും.

രോഗികൾക്കും കൂട്ടിരുപ്പുകാർക്കുമുള്ള വിശ്രമ സങ്കേതവും അനുബന്ധസേവനങ്ങളും ലഭ്യമാക്കുന്ന പേഷ്യന്റ് വെൽഫയർ ആൻഡ് സർവീസ് ബ്ലോക്കിലാണ് ഡ്രഗ്,ഫുഡ് ബാങ്കുകൾ പ്രവർത്തിക്കുന്നത്. നിർദ്ധനരായ രോഗികൾക്ക് പരിശോധനകൾ സൗജന്യമാക്കുന്നതും പരിഗണനയിലുണ്ടെന്ന് അധികൃതർ അറിയിച്ചു.

പൊതുജനപങ്കാളിത്തോടെ സഹായങ്ങൾ സ്വീകരിച്ചാകും പദ്ധതി നടപ്പാക്കുന്നത്. സഹായിക്കാൻ താത്പര്യമുള്ളവർക്ക് പണം സംഭാവനയായി നൽകാം. സംഭാവനകൾ ആർ.സി.സി.യിൽ നേരിട്ടോ ഓൺലൈനായോ അല്ലെങ്കിൽ ഡയറക്ടർ, ആർ.സി.സി തിരുവനന്തപുരം എന്ന പേരിൽ ചെക്ക്/ഡിഡി ആയോ നൽകാം. അക്കൗണ്ട് വിവരങ്ങൾ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മെഡിക്കൽ കോളേജ് ബ്രാഞ്ച്, പി.ബി നം. 2417, മെഡിക്കൽ കോളേജ് ക്യാമ്പസ്, തിരുവനന്തപുരം 695011, അക്കൗണ്ട് നമ്പർ: 57036241251, എം.ഐ.സി.ആർ കോഡ്: 695009015, ഐ.എഫ്.എസ്.സി കോഡ്: SBIN0070029.