
തിരുവനന്തപുരം: നിർമിത ബുദ്ധിയുടെ (എ.ഐ) സാങ്കേതികത പ്രവർത്തന വിപുലീകരണത്തിന് ഉപയോഗിക്കുന്ന ആദ്യത്തെ ക്ഷേമനിധി ബോർഡായി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മാറിയെന്ന് മന്ത്രി വി.ശിവൻകുട്ടി. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കുള്ള ലാപ്‌ടോപ്പ് വിതരണത്തിന്റേയും എ.ഐ റിസപ്ഷനിസ്റ്റിന്റേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
എ.ഐ റിസപ്ഷനിസ്റ്റ് കൂടി എത്തുന്നതോടെ ബോർഡ് പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കാനാകും. കെൽട്രോണിന്റെ സഹായത്തോടെ ഏർപ്പെടുത്തുന്ന 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസപ്ഷൻ പ്ലാറ്റ് ഫോം - കെല്ലി' നിലവിൽ വരുന്നതോടെ ഓഫീസിൽ എത്തുന്ന ഒരാൾക്ക് കിയോസ്‌കിലൂടെ ബോർഡ് നൽകുന്ന സേവനങ്ങളെക്കുറിച്ചു സ്വയം ചോദിച്ചു മനസിലാക്കാൻ സാധിക്കും. ഇത് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൽ തൊഴിൽ വകുപ്പ് ജാഗ്രത പുലർത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.
ഉടമകൾക്കും തൊഴിലാളികൾക്കും അംശാദായം അടയ്ക്കുന്നതിനും വിശദാംശങ്ങൾ അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനുമായി ഏർപ്പെടുത്തിയ പുതിയ കിയോസ്‌ക്കിന്റെ ഉദ്ഘാടനം ലേബർ കമ്മിഷണർ സഫ്‌ന നസറുദ്ദീൻ നിർവഹിച്ചു.
ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ദിവാകരൻ, സി.ഇ.ഒയും അഡി. ലേബർ കമ്മിഷണറുമായ രഞ്ജിത്ത് പി.മനോഹർ, കെൽട്രോൺ മാനേജിംഗ് ഡയറക്ടർ വൈസ് അഡ്മിറൽ ശ്രീകുമാർ നായർ തുടങ്ങിയവർ പങ്കെടുത്തു.
മാന്വൽ പരിഷ്ക്കരിക്കും
തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്ടർമാരും ഹൗസ് സർജൻമാരും അധിക ജോലി ഭാരം അനുഭവിക്കുകയാണെന്ന പരാതി പരിഹരിക്കാൻ പി.ജി വിദ്യാർത്ഥികളുടെയും ഹൗസ് സർജൻമാരുടെയും മാന്വൽ പരിഷ്ക്കരിക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. തുടർനടപടികൾ കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആരോഗ്യ സർവകലാശാല രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. മെഡിക്കൽ വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമാണ് നടപടി.