1

ശ്രീകാര്യം: പാങ്ങപ്പാറ ഹെൽത്ത് സെന്ററിലെ ക്യാന്റീനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ ചത്ത അട്ടയെ കിട്ടിയെന്ന് പരാതി. ശ്രീകാര്യം പൗഡിക്കോണം മുക്കിക്കട അയ്യങ്കാളി നഗർ എം.എസ്.വില്ലയിൽ ധനുഷ് (37) ആണ് ആശുപത്രി അധികൃതർക്ക് പരാതി നൽകിയത്. കാലിൽ താബൂക്ക് വീണ് പരിക്കേറ്റ കെട്ടിട നിർമ്മാണ തൊഴിലാളിയായ ധനുഷ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്രീകാര്യത്തെ കൊറിയർ കമ്പനിയിൽ ജോലി ചെയ്യുന്ന ധനുഷിന്റെ ഭാര്യ മുബീന ജോലിക്ക് പോകുന്നതിന് മുമ്പ് രാവിലെ ക്യാന്റീനിലെത്തി ഭക്ഷണം വാങ്ങി.പുട്ടും പയറും പപ്പടവുമാണ് വാങ്ങിയത്. ഇതു കഴിക്കാനായി ധനുഷ് ഭക്ഷണപ്പൊതി തുറന്നപ്പോഴാണ് ചത്ത അട്ട ശ്രദ്ധയിൽപ്പെട്ടത്. ഉടൻ മൊബൈലിൽ ഫോട്ടോ പകർത്തിയ ശേഷം വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ കാണിച്ചു.സംഭവത്തെക്കുറിച്ച് പരാതി നൽകിയിട്ടും ക്യാന്റീൻ പതിവുപോലെ പ്രവർത്തിച്ചുവെന്ന ആക്ഷേപവുമുണ്ട്.