
തിരുവനന്തപുരം : 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആദ്യദിവസംതന്നെ 5000 കടന്നു. ഓൺലൈനിലൂടെയും മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ച ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടുമാണ് രജിസ്ട്രേഷൻ . ഇന്നലെ വൈകിട്ടു വരെയുള്ള കണക്കുപ്രകാരമാണ് രജിസ്ട്രേഷൻ അയ്യായിരം കടന്നത്. പൊതുവിഭാഗത്തിന് ജി.എസ്.ടി ഉൾപ്പെടെ 1180 രൂപയും വിദ്യാർത്ഥികൾക്ക് ജി.എസ്.ടി ഉൾപ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്താണ് മേള നടക്കുന്നത്.
ഹൈക്കോടതി മുന്നറിയിപ്പ്:
വിചാരണക്കോടതികൾ
സ്റ്റേ ഉത്തരവ് പാലിക്കണം
കൊച്ചി: സ്റ്റേ ഉത്തരവുകളിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ലംഘിച്ചാൽ അതീവഗൗരവത്തോടെ കാണുമെന്നും കീഴ്ക്കോടതികൾക്ക് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ഹൈക്കോടതിയുടെ സ്റ്റേ ഉണ്ടെന്ന് അറിയിച്ചാൽ ഉത്തരവ് ഹാജരാക്കാനോ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകാനോ കക്ഷികൾക്കു നിർദ്ദേശം നൽകണം. അതിനുശേഷം മാത്രമേ കേസ് മാറ്റിവയ്ക്കാവൂയെന്ന് ഹൈക്കോടതി സെപ്തംബർ 23ന് ഉത്തരവിട്ടിരുന്നു.
ഹൈക്കോടതിയുടെ സ്റ്റേയില്ലെങ്കിലും ഉണ്ടെന്ന് കക്ഷികൾ വാക്കാൽ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വിചാരണക്കോടതികൾ തുടർനടപടികൾ വർഷങ്ങളോളം നീട്ടിവയ്ക്കുന്ന കേസുകൾ ഒട്ടേറെയുണ്ടെന്നു വിലയിരുത്തിയായിരുന്നു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്.
സെപ്തംബർ 28നും ഒക്ടോബർ 19നും പരിഗണനയ്ക്കു വന്ന ഒരു കേസിൽ സത്യവാങ്മൂലം ലഭിക്കാതെ തന്നെ സ്റ്റേയുണ്ടെന്നു പ്രസ്താവിച്ച് കാസർകോട് ഹോസ്ദുർഗ് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി കേസ് മാറ്റിവച്ചിരുന്നു. ഇതാണ് മുന്നറിയിപ്പിന് കാരണം.
2019 മാർച്ച് 14 ന് ഹൈക്കോടതി 10 ദിവസത്തേക്കു മാത്രം തുടർനടപടികൾ സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവിട്ട കേസായിരുന്നു ഇത്.
ചേവായൂർ സഹ. ബാങ്കിന്
നയപരമായ തീരുമാനം
എടുക്കാം:ഹൈക്കോടതി
കൊച്ചി: കോഴിക്കോട് ചേവായൂർ സഹകരണ ബാങ്കിന്റെ പുതിയ ഭരണസമിതി നയപരമായ തീരുമാനമെടുക്കുന്നത് വിലക്കണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചു. വ്യാപക ക്രമക്കേട് നടന്നതിനാൽ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നതടക്കം ഉന്നയിച്ച് നൽകിയ ഹർജിയിലെ ഇടക്കാല ആവശ്യമാണ് കോടതി തള്ളിയത്.
തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി തീർപ്പാകുന്നതു വരെ നയപരമായ തീരുമാനമെടുക്കുന്നത് തടയണമെന്നായിരുന്നു സ്ഥാനാർത്ഥികളായിരുന്ന 11 കോൺഗ്രസുകാരുടെ ആവശ്യം.
ഹർജിയിൽ സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മിഷനടക്കം എതിർകക്ഷികളോട് ഹൈക്കോടതി വിശദീകരണം തേടി.
വ്യാപക ക്രമക്കേട് നടത്തിയെന്നും അതിനായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും ഹർജിയിൽ ആരോപിച്ചു. വോട്ടർമാരെ ആക്രമിച്ചു. കോൺഗ്രസ് പാനലിലുള്ള സ്ഥാനാർത്ഥികൾക്ക് പൊലീസ് സംരക്ഷണം നൽകിയില്ലെന്നും ഹർജിയിൽ പറയുന്നു.
സർക്കാരിനെ കക്ഷി ചേർക്കാതിരുന്നതിന് കാരണം ആരാഞ്ഞ കോടതി,ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.