school

സമൂഹത്തിലും രാഷ്ട്രീയത്തിലും അനുദിനം വളർന്നുകൊണ്ടിരിക്കുന്ന അരാജകത്വവും അസഹിഷ്ണുതയും വിദ്യാർത്ഥികളിലേക്കും പടർന്നുപിടിക്കുക സ്വാഭാവികമാണ്. നിസാരപ്രശ്നങ്ങൾ പോലും വളർത്തി വലുതാക്കാൻ ഇക്കാലത്ത് അധിക സമയം വേണ്ട. തർക്കങ്ങൾ പറഞ്ഞൊതുക്കുന്നതിനു പകരം തല്ലിത്തീർക്കുകയെന്ന ശൈലി പരക്കെ സ്വീകരിക്കപ്പെടുന്നു. ഇളംതലമുറയെ നിയന്ത്രിക്കുകയും മാർഗനിർദ്ദേശം നൽകി നേരായ വഴിക്കു നയിക്കുകയും ചെയ്യേണ്ടവർ തന്നെ നല്ല മാതൃകകളല്ലാതാകുന്ന സന്ദർഭങ്ങളും കുറവല്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരം പൂവച്ചൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒരു സംഘം വിദ്യാർത്ഥികൾ കാട്ടിക്കൂട്ടിയ അഴിഞ്ഞാട്ടം സ്‌കൂളിനും അദ്ധ്യാപകർക്കും മാത്രമല്ല, നാടിനു തന്നെയും അപമാനം വരുത്തിവച്ചിരിക്കുകയാണ്. കുട്ടികളുണ്ടാക്കിയ ഒരു നിസാര തർക്കമാണ് കസേരയേറിനും,​ പ്രിൻസിപ്പലിനും അദ്ധ്യാപകർക്കും പി.ടി.എ പ്രസിഡന്റിനുമൊക്കെ മർദ്ദനമേറ്റ് ആശുപത്രി പ്രവേശനം തേടേണ്ടിവന്ന സാഹചര്യത്തിനും ഇടയാക്കിയത്.

പ്ളസ് വൺ, പ്ളസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തിനു പരിഹാരം കാണാനാണ് ഇരുവിഭാഗം കുട്ടികളെ പ്രിൻസിപ്പൽ തന്റെ മുറിയിൽ വിളിപ്പിച്ചത്. ചർച്ച നടക്കുന്നതിനിടെ കുട്ടികൾ പ്രകോപിതരായി. പിന്നെ കസേര എടുത്തായിരുന്നു പ്രയോഗം. ഇരുകൂട്ടരും അവിടെയുണ്ടായിരുന്ന മുഴുവൻ കസേരകളും ആയുധമാക്കിയത്രെ. ഇതിനിടെ കുട്ടികളെ ശാന്തരാക്കാൻ ഇടപെട്ട വനിതാ പ്രിൻസിപ്പലിനും പി.ടി.എ പ്രസിഡന്റിനും കസേരയേറിൽ ഗുരുതരമായി പരിക്കേറ്റു. പ്രിൻസിപ്പലിന്റെ തലയ്ക്കും മൂക്കിനും കഴുത്തിനുമാണ് മുറിവേറ്റത്. പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി.ടി.എ പ്രസിഡന്റിനും കിട്ടി, കാര്യമായ പരിക്ക്. വിവരമറിഞ്ഞെത്തിയ കാട്ടാക്കട പൊലീസാണ് കൂടുതൽ സംഘർഷമുണ്ടാകാതെ രംഗം ശാന്തമാക്കിയത്. ഇരുപത് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസും എടുത്തു. സംഘർഷത്തിൽ ഡസൻ കണക്കിനു കസേരകളാണ് തകർക്കപ്പെട്ടത്.

വിദ്യാർത്ഥികൾ തമ്മിൽ സംഘർഷവും അടിപിടിയുമൊക്കെ ഈ സ്‌കൂളിൽ പതിവാണെന്നാണ് പറയുന്നത്. ഒരു പ്ളസ് വൺ വിദ്യാർത്ഥി സീനിയർ വിദ്യാർത്ഥിയുടെ ഫോണിൽ കമന്റ് ഇട്ടതാണ് തിങ്കളാഴ്ചത്തെ ഏറ്റുമുട്ടലിനും കസേരയേറിനും കാരണമായതെന്നാണ് വിവരം. കുട്ടികൾക്കിടയിൽ സ്ഥിരമായി നടക്കുന്ന വഴക്കും വക്കാണവും പറഞ്ഞുതീർക്കാനാണ് പ്രിൻസിപ്പൽ പ്രശ്നക്കാരായ കുട്ടികളെയും അവരുടെ രക്ഷാകർത്താക്കളെയും സ്‌കൂളിൽ വിളിച്ചുചേർത്തത്. അച്ചടക്കം മാത്രമല്ല, കേവല മര്യാദകൾ പോലും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സ്‌കൂളുകളും കലാലയങ്ങളും അവയെ നയിച്ചുകൊണ്ടുപോകുന്ന ഗുരുനാഥന്മാർക്ക് വലിയ വെല്ലുവിളിയാണ്. പലേടത്തും അവർ കുട്ടികളെ പേടിച്ചു കഴിയേണ്ട സ്ഥിതിയുമാണ്. കണ്ണൂരും തലശ്ശേരിയിലും എറണാകുളത്തും തിരുവനന്തപുരത്തുമൊക്കെയുള്ള കലാലയങ്ങളിലെ അധിപന്മാർ അനുഭവിക്കേണ്ടിവന്ന സംഘർഷവും അപമാനവും മറക്കാറായിട്ടില്ല. അച്ചടക്കത്തിന്റെ സകല സീമകളും ലംഘിച്ച് സ്‌കൂളുകളിലും കലാലയങ്ങളിലും കുഴപ്പങ്ങൾ സൃഷ്ടിക്കുന്നവർക്ക് പിന്തുണയുമായി പുറത്ത് രാഷ്ട്രീയക്കാരുണ്ടാകും.

വിദ്യാലയങ്ങളിൽ എന്തും കാണിക്കാനുള്ള ധൈര്യവും കൂസലില്ലായ്‌മയും കുട്ടികളിൽ വളർത്തിക്കൊണ്ടുവരുന്നത് രാഷ്ട്രീയക്കാരാണ്. ക്രിമിനൽ കേസുകളിൽ നിന്നുപോലും ഇവർ അനായാസം രക്ഷപ്പെടാറുണ്ട്. സ്വകാര്യ സ്കൂളുകളെ അപേക്ഷിച്ച് സർക്കാർ വിദ്യാലയങ്ങളിലാണ് ഇത്തരം അവസ്ഥ നിലനിൽക്കുന്നത്. ഗുരുതരമായ അച്ചടക്കലംഘനത്തിന്റെ പേരിൽ ഒരു കുട്ടിക്കെതിരെ പോലും നടപടിയെടുക്കാനാവാത്ത ഗതികേടിലാണ് പല സ്‌കൂൾ മേധാവികളും. പൂവച്ചൽ സ്‌കൂളിൽ കുട്ടികൾ കാണിച്ച അക്രമങ്ങൾ വെറും കുട്ടിക്കളിയായി കാണാനാവില്ല. സ്‌കൂളിനു തന്നെ തീർത്താൽ തീരാത്ത കളങ്കം വരുത്തിവച്ചതിന് ഉചിത ശിക്ഷയ്ക്ക് അവർ അർഹരാണ്. സ്‌കൂളിൽ കാണിച്ചത് ഇതാണെങ്കിൽ ഭാവിയിൽ പുറത്ത് ഇവരുടെ പെരുമാറ്റം ഏതു രീതിയിലാകും! പലരുടെയും രക്ഷാകർത്താക്കളും ഈ അഴിഞ്ഞാട്ടത്തിന് സാക്ഷികളായിരുന്നുവെന്നത് ഉത്കണ്ഠയുളവാക്കുന്നതാണ്. സ്‌കൂളുകളിൽ എന്തു വിലകൊടുത്തും അച്ചടക്കം നിലനിറുത്താൻ സാധിച്ചില്ലെങ്കിൽ അതിന്റെ ദോഷം അനുഭവിക്കേണ്ടിവരുന്നത് പഠിക്കാനായി മാത്രമായി എത്തുന്ന സാധാരണ കുട്ടികളാകും.