
ഗാന്ധിനഗർ : വീടിനുള്ളിൽ വില്പനയ്ക്കായി സൂക്ഷിച്ച ഏഴുഗ്രാം എം.ഡി.എം.എയുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ. തെള്ളകം വലിയകാല കോളനിതടത്തിൽപറമ്പിൽ നാദിർഷ (24), കണ്ണൂർ തളിപ്പറമ്പ് ഫാത്തിമ മൻസിൽ മുഹമ്മദ് റമീസ് (21), ആർപ്പൂക്കര നാഗംവേലിൽ രാഹുൽ (21), പെരുമ്പായിക്കാട് കണിയാംപറമ്പിൽ മുഹമ്മദ് റാഫി (21), ആർപ്പൂക്കര വില്ലൂന്നി കരിയമ്പുഴ ജിത്തു (21) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. അതിരമ്പുഴ കുട്ടിപ്പടി ഭാഗത്ത് ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജെ തോമസ്, ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഒ ടി.ശ്രീജിത്ത്, എസ്.ഐമാരായ എം.എച്ച് അനുരാജ്, എസ്.സത്യൻ, സി.പി.ഒമാരായ പത്മകുമാർ, നവീൻ കിഷോർ മോഹൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. നാദിർഷായ്ക്ക് ഗാന്ധിനഗർ, ഇൻഫോപാർക്ക്, പാമ്പാടി, മൂവാറ്റുപുഴ, ഏറ്റുമാനൂർ എന്നീ സ്റ്റേഷനിലും രാഹുലിനും, ജിനുവിനും ഗാന്ധിനഗർ സ്റ്റേഷനിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇരുവരെയും റിമാൻഡ് ചെയ്തു.