sandeep-warrier

തിരുവനന്തപുരം: ഉപ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസിലെത്തിയ ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ സി.പി.ഐ നേതൃത്വവുമായി ചർച്ച നടത്തിയെന്നും മണ്ണാർക്കാട് സീറ്റ് ചോദിച്ചുവെന്നും പാർട്ടി മുഖപത്രം. ഇന്നലെ ജനയുഗത്തിൽ 'വാതിൽപ്പഴുതിലൂടെ' എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ച 'കാക്കയ്ക്ക് വെള്ള പൂശരുത്' എന്ന ലേഖനത്തിലാണ് ഈ വിവരങ്ങളുള്ളത്.

തങ്ങളുടെ കൈയ്യിൽ ഒന്നും തരാനില്ലെന്നും മണ്ണാർക്കാട് നിയമസഭാ സീറ്റ് കച്ചവടച്ചരക്കാക്കാൻ താൽപര്യമില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞതോടെ സന്ദീപ് വാര്യർ കോൺഗ്രസിൽ അഭയം പൂകിയെന്നും ലേഖനത്തിൽ വിശദീകരിക്കുന്നു.കേരള രാഷ്ട്രീയത്തിലെ കൂറുമാറ്റ പ്രവണതകളെയും അങ്ങനെ വരുന്നവരെ വിവിധ പാർട്ടികൾ സ്വീകരിക്കുന്നതി നെയും പൊതുവിൽ വിമർശിക്കുന്നതാണ് ലേഖനത്തിന്റെ ഉള്ളടക്കം. കോൺഗ്രസ് നേതാവ് കെ.വി തോമസിന്റെ പാർട്ടിമാറ്റം സംബന്ധിച്ച് സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മാദ്ധ്യമങ്ങളോടുള്ള അഭിപ്രായ പ്രകടനത്തിലൂടെയാണ് ലേഖനം തുടങ്ങുന്നത്. തങ്ങളുടെ കൈയ്യിൽ കൊടുക്കാനൊന്നുമില്ലാത്തത് കൊണ്ടാണ് ഇങ്ങനെയുള്ളവർ മറ്റ് പാർട്ടികളിൽ പോകുന്നതെന്ന കാനത്തിന്റെ അഭിപ്രായപ്രകടനം തന്നെയാണ് സന്ദീപ് വാര്യരുടെ വിഷയത്തിൽ ബിനോയ് വിശ്വം സ്വീകരിച്ചതെന്നും ലേഖനം സമർത്ഥിക്കുന്നു.

കോൺഗ്രസിൽ നിന്നെത്തിയ ഡോ.പി. സരിനെ എൽ.ഡി.എഫ് പാലക്കാട്ട് സ്ഥാനാർത്ഥിയാക്കിയതിനെയും ലേഖനം പരോക്ഷമായി വിമർശിക്കുന്നുണ്ട്. പാർട്ടി മാറി വരുന്നവർക്ക് 5 വർഷക്കാലത്തെ പ്രൊബേഷൻ കാലയളവുണ്ടാവണം. അതിനിടയിൽ നിയമസഭാ സീറ്റോ ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളോ നൽകരുത്. . ഉപാധി വച്ചുള്ള കൂറുമാറ്റമാവരുതെന്നും കുഴിയാനയെ ആനയാക്കരുതെന്നും കാക്കയെ വെള്ളപൂശി വെളുപ്പിക്കരുതെന്നും ലേഖനത്തിൽ പറയുന്നു.