പള്ളിക്കൽ: പാതയോരങ്ങളിലെ അനധികൃത പാർക്കിംഗിൽ വീർപ്പുമുട്ടി പള്ളിക്കൽ കവല. പാരിപ്പള്ളി,ചടയമംഗലം,നിലമേൽ,കിളിമാനൂർ,ഓയൂർ പ്രദേശങ്ങളിൽ നിന്നുള്ള വാഹനങ്ങൾ പള്ളിക്കൽ ജംഗ്ഷനിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽത്തന്നെ റോഡിലെപ്പോഴും വാഹനങ്ങളുടെ തിരക്കാണ്. പഞ്ചായത്ത്, പൊലീസ് സ്റ്റേഷൻ,ടൗൺ ജുമാ മസ്ജിദ്,ചെറുതും വലുതുമായ ആറ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവ ജംഗ്ഷനിൽ നിന്നും 50 മീറ്റർ ദൂരത്തിനുള്ളിൽ ടൗണിൽ സ്ഥിതി ചെയ്യുന്നു. നിത്യേന പള്ളിക്കൽ ജംഗ്ഷനിൽ പല ആവശ്യങ്ങൾക്കുമായി നിരവധിപേർ വന്നുപോകുന്നു. ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലും ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ് യാത്രക്കാരിവിടെ. വ്യാപാര സ്ഥാപനങ്ങളധികവും ഈ പരിധിക്കുള്ളിൽ വരുന്നു. വാഹനങ്ങളുടെ അനിയന്ത്രിത പാർക്കിംഗിൽ കാൽനടയാത്രക്കാരും ദുരിതമനുഭവിക്കുകയാണ്. പഴയചന്തപ്പറമ്പിൽ മുൻകാലങ്ങളിൽ പാർക്കിംഗ് സൗകര്യം ഉണ്ടായിരുന്നെങ്കിലും ഇൻഡോർ സ്റ്റേഡിയ നിർമ്മാണത്തോടെ അത് ഇല്ലാതായി. ദീർഘനേരം പാർക്ക് ചെയ്യുന്ന വാഹനങ്ങളാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു.ഇതിനൊരു പരിഹാരം കണ്ടാൽ ഒരു പരിധിവരെ പാർക്കിംഗ് കുരുക്ക് മാറും.

ബസുകൾക്ക് സ്റ്റോപ്പിൽ

നിറുത്താനാവുന്നില്ല

സർവീസുകൾ നടത്തുന്ന ഇരുന്നൂറിൽപ്പരം ബസുകൾ ഈ ജംഗ്ഷനിലൂടെ നിത്യവും കടന്നുപോകുന്നു. 2 കാത്തിരിപ്പ് കേന്ദ്രങ്ങളുള്ള ഇവിടെ സ്റ്റോപ്പിൽ ബസ് ഒന്നു നിറുത്തിയാൽ പലപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുമെന്ന് ഡ്രൈവർമാർ പറയുന്നു. ഈയിടെ ഉദ്ഘാടനം ചെയ്ത ആധുനിക സൗകര്യങ്ങളോടെയുള്ള കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ മറ്റു വാഹനങ്ങളുടെ പാർക്കിംഗ് മൂലം പലപ്പോഴും സർവീസ് ബസുകൾക്ക് നിറുത്താൻ കഴിയുന്നില്ല.