
തിരുവനന്തപുരം: നാടാർ സമുദായത്തിന് വിദ്യാഭ്യാസ സംവരണം നിഷേധിക്കുന്നത് അനീതിയാണെന്ന് മുൻമന്ത്രി നീലലോഹിതദാസൻ നാടാർ. പ്ലസ്ടു മുതൽ പ്രൊഫഷണൽ കോഴ്സുകളിൽ വരെ പ്രത്യേക പട്ടികയായി 7 ശതമാനം സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തിയ നാടാർ അവകാശ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജനസംഖ്യയുടെ പത്ത് ശതമാനം വരുന്ന നാടാർ സമുദായത്തിന് വിദ്യാഭ്യാസ സംവരണം നിഷേധിക്കുന്നത് സമുദായത്തെ പിന്നാക്ക അവസ്ഥയിലേക്ക് എത്തിക്കുന്നതാണെന്ന് എൻ.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ പറഞ്ഞു. ശ്രീ അയ്യാ വൈകുണ്ഠസ്വാമികൾക്ക് സ്മൃതിമണ്ഡപം നിർമ്മിക്കാത്ത സർക്കാർ വഞ്ചനക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം. നാടാർ സമുദായത്തിന്റെ വിവിധ ആവശ്യങ്ങൾ പഠിച്ച ജസ്റ്റിസ് ഹരിഹരൻ നായർ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ട് 13 വർഷം കഴിഞ്ഞിട്ടും അത് പ്രസിദ്ധീകരിക്കാത്ത സർക്കാർ നടപടി കടുത്ത വഞ്ചനയാണെന്ന് വി.എസ്.ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു.കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ജെ.ലോറൻസ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ അഡ്വ.ജി.സ്റ്റീഫൻ, എം.വിൻസെന്റ്, ഡോ.ഡി.രാജൻ, ഡോ.എ.സി.രാജൻ, കെ.പി.കൃഷ്ണകുമാർ, അഡ്വ.സുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.