
പെൻഷനായ സർക്കാർ ജീവനക്കാരിയാണ് ഞാൻ; അകാലത്തിൽ മരണപ്പെട്ട ഒരു മകളുടെ അമ്മയും. അതിനെതുടർന്ന് ഭർത്താവിനെയും നഷ്ടപ്പെട്ടു. വിധവയായ എനിക്ക് രോഗങ്ങൾ പലതാണ്. കുറച്ചു മാസം മുമ്പ് രോഗം മൂർച്ഛിച്ച്, ആശുപത്രിയിൽ ഐ.സി.യുവിലും വാർഡിലുമായി 26 ദിവസം. ഡിസ്ചാർജ് ബില്ല് വന്നപ്പോൾ മൂന്നര ലക്ഷം രൂപ! ഇപ്പോൾ ഡയാലിസിസ് ഉണ്ട്. ഒരുരൂപപോലും സർക്കാരിന്റെ 'മെഡിസെപ്പിൽ" നിന്ന് കിട്ടിയില്ല. പെൻഷനിൽ നിന്ന് മാസംതോറും 500 രൂപ പിടിച്ചുപറിക്കുന്നുണ്ട്. ഭരിക്കുന്നവർക്ക് രോഗം വന്നാൽ വിദേശത്തു പോയി ചികിത്സിക്കാനും ധൂർത്തടിക്കാനും പണമുണ്ട്. മന്ത്രിമന്ദിരങ്ങൾ മോടി പിടിപ്പിക്കാനും ആഡംബരകാറുകൾ വാങ്ങാനുമൊക്കെ സർക്കാരിന് പണമുണ്ട്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അർഹതമായ ക്ഷാമബത്തയോ കുടിശികയോ ചോദിച്ചാൽ മാത്രം പണമില്ല! ഇത്തരം കൊള്ളരുതായ്മകൾക്കെതിരെ സാധാരണക്കാർ പ്രതികരിച്ചേ പറ്റൂ. 'മെഡിസെപ്പ്" എന്നു പറഞ്ഞ് ജനങ്ങളെ ദ്രോഹിക്കുന്ന പരിപാടി എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കണം.
ഒരു പെൻഷണർ
തിരുവനന്തപുരം