
സ്വാതന്ത്ര്യ സമരസേനാനി, ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ, ഗാന്ധി ശിഷ്യൻ, പിന്നീട് കമ്മ്യൂണിസ്റ്റ് നേതാവ്,
ആധുനിക കേരള ശില്പികളിൽ പ്രമുഖൻ... ഇതൊക്കെയായ എം.എൻ. ഗോവിന്ദൻ നായരുടെ 40-ാം ചരമ വാർഷിക ദിനമാണ് ഇന്ന്. 1910 ഡിസംബർ 10ന് പന്തളത്ത് ഒരു കർഷക കുടുംബത്തിൽ ജനിച്ചു. ദളിതർ തിങ്ങിപ്പാർക്കുന്ന ചേരിക്കൽ എന്ന സ്ഥലത്ത് എം.എന്നിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്താൽ അവർക്കുവേണ്ടി മാത്രം ഒരു സ്കൂൾ തുറന്നു. ഉദ്ഘാടകനായി മഹാത്മാ ഗാന്ധിയെ കിട്ടി.
തിരികെ പോകുമ്പോൾ ഗാന്ധിജി എം.എന്നിനെയും വാർധായിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒന്നരവർഷം വാർധാ ആശ്രമത്തിലിരുന്ന് ഗാന്ധിജിയുടെ ലൈബ്രറിയിലെ പുസ്തകങ്ങൾ വായിച്ച് ഒരു കമ്മ്യൂണിസ്റ്റുകാരനായി എം.എൻ തിരികെ നാട്ടിലെത്തി. 1957-ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായി എം.എൻ ചുമതലയേറ്റു. ഒളിവിലിരുന്നു മത്സരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ എം.എന്നിനെ അന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അഭിനന്ദിച്ചു. മാദ്ധ്യമങ്ങൾ അന്ന് അദ്ദേഹത്തെ 'കേരളാ ക്രൂഷ് ചേവ്" എന്നു വിളിച്ചു.
ഇ.എം.എസിനെ മുഖ്യമന്ത്രിയാക്കുകയും, പിന്നീട് അച്യുതമേനോനെ മുഖ്യമന്ത്രിയാക്കുകയും ചെയ്ത് 'കിംഗ് മേക്കർ' എന്ന പേരും എം.എൻ സമ്പാദിച്ചു. മാർക്‌സിസ്റ്റ് പാർട്ടിയുമായി തെറ്റിയപ്പോൾ ഐക്യമുന്നണി പ്രസ്ഥാനത്തിന്റെ ഭീഷ്മാചാര്യനായി. കേരളം കണ്ട ആദ്യ ജനസമ്പർക്ക പരിപാടിയായിരുന്നു ലക്ഷംവീട് പദ്ധതി. എം.എന്നിന്റെ ഭാവന ചിറകു വിടർത്തിയതായിരുന്നു, ഇടുക്കി ജലവൈദ്യുതി പദ്ധതി, കായംകുളം തെർമൽ പവർ പ്ളാന്റ്, ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ, മണ്ണുത്തി കാർഷിക സർവകലാശാല, കല്ലട ജലസേചന പദ്ധതി, ഓണത്തിനൊരു പറ നെല്ല് തുടങ്ങിയവ.
മന്ത്രിയായിരിക്കുമ്പോൾപ്പോലും ലളിതജീവിതം നയിക്കുകയും കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും നേതാക്കളുമായി നല്ല സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. അന്ന് കെ.എസ്.യു നേതാക്കളായിരുന്ന ആന്റണി, ഉമ്മൻചാണ്ടി, സുധീരൻ തുടങ്ങിയവർ ഓണത്തിനൊരു പറനെല്ല് പദ്ധതിക്ക് വലിയ പ്രോത്സാഹനവും നൽകി. കൂടാതെ, ഒപ്പം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു.
ലക്ഷംവീട് പദ്ധതി വിജയകരമായി പൂർത്തിയാക്കിയപ്പോൾ കെ.ആർ. രാജന് ഐ.എ.എസ് നൽകണമെന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് എം.എൻ കത്തെഴുതി. എപ്പോഴൊക്കെ മന്ത്രിയായോ, അപ്പോഴൊക്കെ ഡോ. ആർ. ഗോപാലകൃഷ്ണൻ നായർ സെക്രട്ടറി ആകണമെന്ന് വളരെ നിർബന്ധമായിരുന്നു. ഒൻപതു വർഷം മന്ത്രിയും പതിനഞ്ചു വർഷം എം.പിയും ആയിരുന്ന എം.എന്നിന്റെ നിതാന്ത സ്മാരകങ്ങളാണ് ഇടുക്കി ജലവൈദ്യുതി പദ്ധതിയും ലക്ഷംവീടും. പട്ടിണിപ്പാവങ്ങൾക്കും തൊഴിലാളി വർഗത്തിനും ദളിതർക്കും വേണ്ടി എം.എൻ ജീവിതം ഉഴിഞ്ഞുവച്ചു.
(എം.എൻ ഗോവിന്ദൻ നായരുടെ സഹോദരൻ എം.എൻ. രാമചന്ദ്രൻ നായരുടെ മകനായ ലേഖകൻ ബംഗളൂരുവിൽ ജെയിൻ യൂണിവേഴ്സിറ്റിയിൽ കൺസൾട്ടന്റാണ്. ഫോൺ: 98951 66803)