pinarai

സ്‌റ്റാർട്ടപ്പ് ഫെസ്‌റ്റ് നാളെ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

തിരുവനന്തപുരം: യുവസംരംഭകർക്കും നിക്ഷേപകർക്കും വിപുലമായ അവസരങ്ങളൊരുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സ്റ്റാർട്ടപ്പ് ഫെസ്റ്റായ ഹഡിൽ ഗ്ലോബലിന്റെ ആറാം പതിപ്പിന് നാളെ തുടക്കമാകും.

പതിനായിരം പേർ പങ്കെടുക്കുന്ന പരിപാടിയിൽ 3000ലേറെ സ്റ്റാർട്ടപ്പുകളാണ് എത്തുന്നതെന്ന് സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു. നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷനാണ്(കെ.എസ്.യു.എം) മുഖ്യസംഘാടകർ. കോവളം ഹോട്ടൽ ലീലാ റാവിസിൽ മൂന്നുദിവസത്തെ ഫെസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ബഹിരാകാശം,ആരോഗ്യം,ഊർജം, ഭക്ഷണവും കൃഷിയും,ഡിജിറ്റൽ മീഡിയയും വിനോദവും ഉൾപ്പെടെയുള്ള അഞ്ച് മേഖലകളിലെ എമേർജിംഗ് ഹബായി തിരുനന്തപുരം മാറുമെന്ന് അനൂപ് അംബിക പറഞ്ഞു. സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ, ഗ്രീൻ ഹൈഡ്രജൻ,ക്വാണ്ടം ടെക്‌നോളജീസ് തുടങ്ങിയ വിഷയങ്ങളിലും ചർച്ചകൾ നടക്കും. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ,പി.രാജീവ്, ഡോ.ആർ.ബിന്ദു, പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ എന്നിവരും പങ്കെടുക്കും.

ശ്രീധർ വെമ്പു മുഖ്യപ്രഭാഷകൻ

സോഹോ കോർപ്പറേഷന്റെ സ്ഥാപകനും സി.ഇ.ഒയുമായ ശ്രീധർ വെമ്പു, ചരിത്രകാരനും കലാസാഹിത്യ നിരൂപകനുമായ വില്യം ഡാൽറിംപിൾ എന്നിവർ ഫെസ്റ്റിലെ മുഖ്യപ്രഭാഷകരാകും. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ എസ്. സോമനാഥ്, കെ.എസ്‌.ഐ.ഡി.സി മാനേജിംഗ് ഡയറക്‌ടർ എസ്.ഹരികിഷോർ എന്നിവരും സംസാരിക്കും.ഐ.സി.എ.ആർ-സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, സി ഡിറ്റ്, കേരള സ്‌പേസ് പാർക്ക്, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,നാറ്റ്പാക്ക്,ഐ.സി.എ.ആർ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി, ഐസർ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജി എന്നിവർ ഫെസ്റ്റിന്റെ പങ്കാളികളാണ്.