
മലയിൻകീഴ്: പോങ്ങുംമൂട് അങ്കണവാടിയിൽ മൂന്നുവയസുകാരി വൈഗ വീണ് പരിക്കേറ്റ സംഭവത്തിൽ അദ്ധ്യാപിക ശുഭലക്ഷ്മി,ആയ ലത എന്നിവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മാറനല്ലൂർ പൊലീസ് കേസെടുത്തു. വകുപ്പുതല നടപടിയുടെ ഭാഗമായി
കഴിഞ്ഞ ദിവസം ഇരുവരെയും വനിതാ ശിശു വികസന ഓഫീസർ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്‌തിരുന്നു.
ഇവിടെ പകരം അദ്ധ്യാപികയായി 64-ാം നമ്പർ അങ്കണവാടിയിലെ പ്രസന്നകുമാരിയേയും ആയയായി 57-ാം നമ്പർ അങ്കണവാടിയിലെ ബിയാട്രീസിനും താത്കാലിക ചുമതല നൽകിയതായി ഐ.സി.ഡി.എസ് സൂപ്പർവൈസർ റിനി അറിയിച്ചു. സംഭവം നടന്ന അങ്കണവാടിയിൽ 11 കുഞ്ഞുങ്ങളുടെ രജിസ്ട്രേഷനുണ്ടെന്നും മിക്കദിവസങ്ങളിലും 5,6 പേർ മാത്രമേ എത്താറുള്ളൂവെന്നും റിനി വ്യക്തമാക്കി. അതേസമയം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലുള്ള വൈഗയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
വനിതാ ശിശുവികസന ഓഫീസിലെ ജോയിന്റ് ഡയറക്ടർ ശിവന്യ,അഡിഷണൽ ഡയറക്ടർ സോഫി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ഇതിനുശേഷം മാറനല്ലൂർ പഞ്ചായത്തിലെ 41 അങ്കണവാടിയിലെ അദ്ധ്യാപികമാർ,ആയമാർ എന്നിവരുടെ യോഗം ചേർന്ന് ഫസ്റ്റ് എയ്ഡിനെ സംബന്ധിച്ചുള്ള ബോധവത്കണം നടത്തുകയും സമാനമായ എന്തെങ്കിലും സംഭവമുണ്ടായാൽ അധികൃതരെയും വീട്ടുകാരെയും അറിയിക്കണമെന്നും നിർദ്ദേശിച്ചു. വാർഡ് അംഗം ഡീന,പഞ്ചായത്ത് ക്ഷേമ-ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് അംഗങ്ങൾ, വിരമിച്ച ഉദ്യോഗസ്ഥർ,രക്ഷകർത്താക്കളും ഉൾപ്പെടുന്ന അങ്കണവാടി ലെവൽ മോണിറ്ററിംഗ് ആൻഡ് സപ്പോർട്ടിംഗ് കമ്മിറ്റി കൂടി കുഞ്ഞുവീണ സംഭവം ഗൗരവമാണെന്ന് വിലയിരുത്തി.