വിതുര: പൊൻമുടി സന്ദർശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാറിടിച്ച് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.തൊളിക്കോട് സ്വദേശി റഫീക്കിന്റെ മകൻ റിസ്വാനാണ് (18) പരിക്കേറ്റത്.പെരിങ്ങമ്മല ഇക്ബാൽ കോളേജിലെ ബികോം ഫസ്റ്റ് ഈയർ വിദ്യാർത്ഥിയാണ്.റിസ്വാൻ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.തലയ്ക്ക് ഗുരുതരമായ പരിക്കുണ്ട്.അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർ അറിയിച്ചു.തിങ്കളാഴ്ച രാത്രി 8.30ഓടെ പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് ജംഗ്ഷനിലായിരുന്നു സംഭവം. റോഡരികിൽ നിന്ന റിസ്വാനെ നിയന്ത്രണം വിട്ട കാർ വന്നിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടൻനാട്ടുകാരും,പൊലീസും ചേർന്ന് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.കഴക്കൂട്ടത്ത് നിന്ന് പൊൻമുടി കാണാനെത്തിയ സംഘമാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു.വിതുര പൊലീസ് കേസെടുത്തു.