വെഞ്ഞാറമൂട്: ഒരിടവേളയ്ക്ക് ശേഷം വെഞ്ഞാറമൂട്ടിൽ വീണ്ടും മോഷണം വ്യാപകമാകുന്നു.ഒരാഴ്ചയ്ക്കുള്ളിൽ അഞ്ചോളം മോഷണമാണ് നടന്നത്. മോഷ്ടാക്കൾ ഇപ്പോഴും ഇരുളിന്റെ മറവിൽത്തന്നെയാണ്. പിടിക്കപ്പെടാതിരിക്കാൻ മുഖംമൂടി ധരിച്ചെത്തുകയോ, സി.സി.ടിവി ഹാർഡ് ഡിസ്ക് ഉൾപ്പെടെ മോഷ്ടിച്ച് കൊണ്ടുപോവുന്നതുമാണ് മോഷ്ടാക്കളുടെ രീതി.ഒരാഴ്ച മുൻപ് പൊലീസ് സ്റ്റേഷനു സമീപം മസ്ജിദിൽ നിന്നും കാണിക്കവഞ്ചി മോഷണം പോയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി മാണിക്കോട് മഹാദേവ ക്ഷേത്രത്തിലെ കാണിക്ക തകർക്കാൻ ശ്രമം, കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ടേക്ക് എ ബ്രേക്ക് പദ്ധതി എന്നിവിടങ്ങളിലായിരുന്നു തസ്കരൻമാർ വിലസിയത്. ടേക്ക് എ ബ്രേക്കിന്റെ ഗ്ലാസ്‌ വാതിൽ തകർത്ത് 17000 രൂപയും സാധനങ്ങളും മോഷ്ടിച്ചു. കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ സുരക്ഷാ ജീവനക്കാർ രാത്രി ഡ്യൂട്ടിൽ ഉണ്ടായിരുന്ന സമയത്താണ് മോഷണം. മാണിക്കോട് ക്ഷേത്രത്തിലെ മോഷണശ്രമവുമായി ബന്ധപ്പെട്ട് ഒരാളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

ഉദ്യോഗസ്ഥരില്ല

വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ കുറവുമൂലം വീർപ്പുമുട്ടുകയാണ്. ഉദ്യോഗസ്ഥരുടെ കുറവ്, പൊലീസ് സ്‌റ്റേഷന്റെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നു. ജനസംഖ്യാനുപാതികമായും ഭൂവിസ്തൃതിയുടെ കാര്യവുമെടുത്താൽ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധി വിശാലമാണ്. 40 പൊലീസുകാർ വേണ്ടിടത്ത് 30 പേർ മാത്രമാണുള്ളത്. വെഞ്ഞാറമൂട്ടിലെ ഗതാഗത നിയന്ത്രണത്തിന് സ്ഥിരമായി ആറ് പേരെങ്കിലും ജോലി നോക്കേണ്ടിവരുന്ന അവസ്ഥയാണ്. ഡിവൈ.എസ്.പിയുടെ സ്‌പെഷ്യൽ സ്‌ക്വാഡിലേക്ക് മൂന്ന് പേരെയും ഓഫീസ് ജോലികൾക്കായി ആറ് പേരെയും ഉൾപ്പെടെ മാറ്റിയാൽ ശേഷിക്കുന്നവരെ ഉൾക്കൊള്ളിച്ചാണ് മറ്റുകാര്യങ്ങൾ നടത്തേണ്ടത്. എം.സി റോഡ് സ്‌റ്റേഷൻ പരിധിയിലായതിനാൽ ഇതുവഴി കടന്നുപോകുന്ന മന്ത്രിമാർക്കും മറ്റ് വി.ഐ.പികൾക്കും അകമ്പടി പോകേണ്ടി വരുന്നതിന് മൂന്ന് ജീവനക്കാരും ഒരു പൊലീസ് ജീപ്പും ആവശ്യമാണ്. മുഖ്യമന്ത്രി, ഗവർണർ ഉൾപ്പെടെയുള്ളവരുടെ യാത്രയാണെങ്കിൽ സ്റ്റേഷനിലെ പകുതിപ്പേരും റോഡിൽ വേണം. അപകടങ്ങൾ നിത്യസംഭവമായതിനാൽ രക്ഷാപ്രവർത്തനം, കേസെടുക്കൽ തുടങ്ങി കാര്യങ്ങൾക്കായി പിന്നെയും പൊലീസുകാർക്ക് സമയം ചെലവഴിക്കേണ്ടിവരുന്നു.