നെയ്യാറ്റിൻകര: നവകേരളനിർമ്മാണത്തിൽ വിദ്യാർത്ഥികളുടെ പങ്കിനെക്കുറിച്ച് വിശദീകരിച്ച് കോട്ടൺഹിൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഉമ തുടർച്ചയായ രണ്ടാം വർഷവും ഹൈസ്‌കൂൾ വിഭാഗം മലയാളം പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടി.ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ വിഭാഗമായ യൂണിസെഫിന്റെ യൂത്ത് കണ്ടന്റ് ക്രിയേറ്ററാണ് ഉമ. കുട്ടികളുടെ അവകാശങ്ങൾ,വിദ്യാഭ്യാസം, ലിംഗനീതി,കാലാവസ്ഥാ മാറ്റം തുടങ്ങിയ വിഷയങ്ങളിൽ യൂണിസെഫിനുവേണ്ടി ചെറുവീഡിയോകൾ നിർമ്മിക്കുകയാണ് ചുമതല. മൈസൂരുവിൽ നടന്ന യുവാക്കളുടെ കാലാവസ്ഥാ ഉച്ചകോടിയിൽ പ്രതിനിധിയായി പങ്കെടുത്തു. സംസ്ഥാന ശിശുദിനാഘോഷത്തിൽ മൂന്നുതവണ കുട്ടികളുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഉമ സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ഉജ്ജ്വലബാല്യം അവാർഡ് ജേതാവാണ്. കാത്തു, പൂപ്പി തുടങ്ങിയ കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. ഉമക്കുട്ടി എന്നപേരിൽ യൂട്യൂബ് ചാനലുമുണ്ട്. കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി.കെ.സുജിത്തിന്റെയും അഡ്വ.എം.നമിതയുടെയും മകളാണ്. ബിരുദവിദ്യാർത്ഥിയായ അമൽ സഹോദരനാണ്.