
നെയ്യാറ്റിൻകര: തബല മാന്ത്രികൻ ഉസ്താദ് സക്കീർ ഹുസൈൻ, ഗണേശ് കാർത്തിക്കിന്റെ ഹീറോവാകാൻ കാരണം അദ്ദേഹത്തിൽ നിന്നും നേരിട്ടു കിട്ടിയ അനുഗ്രഹമാണ്. ഏഴു വയസുള്ളപ്പോഴാണ് ഗണേശ് കാർത്തിക് സക്കീർ ഹുസൈനെ നേരിൽക്കാണുന്നത്. അച്ഛനേക്കാൾ മിടുക്കനായ തബലിസ്റ്റാകണമെന്ന് തലോടിക്കൊണ്ട് സക്കീർ ഹുസൈൻ പറഞ്ഞു. അതോടെ തബലപഠനം ഗൗരവത്തിലെടുത്തു. ഗണേശിന്റെ അച്ഛൻ മഹേഷ് മണി അറിയപ്പെടുന്ന തബലിസ്റ്റാണ്, ഹരിമുരളീരവം ഉൾപ്പെടെ മലയാളികളുടെ ഇഷ്ടഗാനങ്ങളുടെ തബലിസ്റ്റ് മഹേഷായിരുന്നു.തിരുമല ഗവ.വി.ആൻഡ്.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഗണേശ് കാർത്തിക്കിന് കൗതുകം നിറഞ്ഞൊരു ഫ്ളാഷ്ബാക്ക് കൂടിയുണ്ട്. മാസം തികയാതെ ജനിച്ചതിനാൽ കുഞ്ഞു ഗണേശിന് സംസാരിക്കാൻ പ്രയാസമായിരുന്നു. ഡോക്ടർ അവനോട് എന്തെങ്കിലും സംസാരിക്കാൻ ശ്രമിക്കാൻ ആവശ്യപ്പെട്ടപ്പോൾ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ധാ.. ധിൻ.. താ..നാ..തിൻ എന്ന തബല ബോൾ ചൊല്ലിയതായി മഹേഷ് പറയുന്നു. അച്ഛന്റെ ശിക്ഷണത്തിൽ ആദ്യപാഠങ്ങൾ പഠിച്ചു. സുമേഷ് നായിക്,പണ്ഡിറ്റ് സത്യജിത്ത് തൽവാക്കർ എന്നിവരുടെ ശിക്ഷണത്തിലാണിപ്പോൾ പഠനം.