
തിരുവനന്തപുരം:അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ദുർഗന്ധം അനുഭവപ്പെട്ടത് ഇന്ത്യൻ വംശജയായ സുനിത വില്ല്യംസ് അടക്കുമുള്ള യാത്രികർക്ക് ആശങ്കയായി.
ഭക്ഷണം ഉൾപ്പെടെ 2500 കിലോ അവശ്യസാധനങ്ങളുമായി ശനിയാഴ്ച എത്തിയ റഷ്യയുടെ പ്രോഗ്രസ് എം.എസ്.29 കാർഗോ പേടകത്തിൽ നിന്നാണ് ദുഗന്ധം വമിച്ചത്. നിലയത്തിലെ റഷ്യയുടെ പോയിസ്‌ക് മൊഡ്യൂളിൽ ഡോക്ക് ചെയ്ത പ്രോഗ്രസിന്റെ കവാടം തുറന്നപ്പോൾ സ്‌പ്രേ പെയിന്റിന്റെ പോലുള്ള ദുർഗന്ധവും അജ്ഞാത ദ്രാവക കണങ്ങളും നിലയത്തിലേക്ക് പരക്കുകയായിരുന്നു.
ഒാക്സിജൻ ചോർച്ചയാണോ എന്നും നിലയത്തിലെ വായു മലിനമായോ എന്നും സംശയമുണർന്നു. ഉടൻ പ്രോഗ്രസിന്റെ കവാടം അടച്ചു. നിലയത്തിലെ വായു ശുദ്ധീകരിക്കാൻ നാസയും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസും നടപടികൾ തുടങ്ങി. ആശങ്ക വേണ്ടെന്നും യാത്രികർക്ക് സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ലെന്നും ഏജൻസികൾ വ്യക്തമാക്കി. അതേസമയം, വിഷാംശമുള്ള വാതകമാണ് പരന്നതെന്ന് റഷ്യൻ സ്പേസ് വെബ് എന്ന പോർട്ടലിന്റെ ലേഖകൻ അനറ്റോളി സാക് സംശയം പ്രകടിപ്പിച്ചു. റഷ്യൻ പേടകത്തിലെ വസ്തുക്കളിലെ വാതകങ്ങൾ നിലയത്തിലെ മർദ്ദം കുറഞ്ഞ അന്തരീക്ഷത്തിൽ പുറത്ത് വന്നു ( ഔട്ട് ഗ്യാസിംഗ്) എന്നാണ് കരുതുന്നത്.
മുൻപും റഷ്യൻ പ്രശ്നങ്ങൾ
2022ൽ സോയൂസ് പേടകം ഡോക്ക് ചെയതപ്പോൾ കൂളന്റ് ചോർച്ച
അതു കാരണം മൂന്ന് സഞ്ചാരികളുടെ മടക്കയാത്ര ഒരു വർഷം നീണ്ടു.
2021ൽ നിലയത്തിന്റെ ഭാഗമായ നൗക മോഡ്യൂളിന്റെ റേഡിയേറ്ററിൽ ചോർച്ച
സുനിതാവില്ല്യംസിന്റെ മടക്കം നേരത്തേ
അഞ്ച് മാസമായി നിലയത്തിൽ കുടുങ്ങിയ സുനിതാവില്ല്യംസിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര നേരത്തെയാക്കും.
2024 ജൂണിൽ ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും നിലയത്തിൽ എത്തിയത്. സ്റ്റാർലൈനറിന്റെ തകരാറ് സുരക്ഷാ ഭീഷണി ആയതോടെ ഇരുവരും നിലയത്തിൽ തുടരുകയായിരുന്നു. അടുത്ത വർഷം ആദ്യം നിലയത്തിലെത്തുന്ന സ്‌പേസ് എക്സ് ഡ്രാഗൺ പേടത്തിൽ ഫെബ്രുവരിയിൽ ഇരുവരെയും മടക്കികൊണ്ടുവരാനായിരുന്നു പദ്ധതി. ജനുവരിയിൽ തന്നെ മടക്കയാത്രയാണ് ഇപ്പോൾ ആലോചിക്കുന്നത്.