
നെയ്യാറ്റിൻകര: പണമില്ലാത്തതിന്റെ പേരിൽ എന്റെ കുട്ടികൾക്ക് നൃത്തവേദികൾ അന്യമായിക്കൂടാ...നിർദ്ധനരായ കുട്ടികളെ സൗജന്യമായി നൃത്തം അഭ്യസിപ്പിച്ച് വേദിയിലെത്തിക്കുന്ന രാഗിണി ആർ.പണിക്കർ എന്ന ഗുരു പറയുന്നു.
" നൃത്തരംഗത്ത് 40 വർഷമായി. വലുതായൊന്നും നേടിയിട്ടില്ല. ഈ കുട്ടികളുടെ മുഖത്തെ ചിരിയാണ് സമ്പാദ്യം. എനിക്കറിയാം കലയ്ക്ക് ദാരിദ്ര്യം എത്ര വലിയ വിലങ്ങുതടിയാണെന്ന്...ഞങ്ങൾ ഒമ്പത് മക്കൾക്ക് ആഹാരം തരാൻ വിഷമിച്ചിരുന്ന അച്ഛന് എന്റെ നൃത്താഭിരുചിക്ക് തണലാകാനായില്ല...നെല്ലിയോട് വാസുദേവൻ നമ്പൂതിരി കഥകളിയും കലാമണ്ഡലം വിമലാമേനോൻ മോഹിനിയാട്ടവും റിഗാറ്റ ഗിരിജ ഭരതനാട്യവും സൗജന്യമായാണ് പഠിപ്പിച്ചത്. ഇല്ലായ്‌മയുടെ കാലത്ത് എന്റെ ഗുരുക്കന്മാർക്ക് നൽകാനാവാത്ത ഗുരുദക്ഷിണയാണ് ഇന്ന് ഞാനീ കുട്ടികൾക്കായി മാറ്റിവയ്ക്കുന്നത് " രാഗിണി ടീച്ചർ കൂട്ടിച്ചേർത്തു.
ഭരതനാട്യം,മോഹിനിയാട്ടം,കുച്ചിപ്പുടി,കേരളനടനം,നാടോടിനൃത്തം എന്നിവ പരിശീലിപ്പിക്കുന്നുണ്ട്. ജില്ലാ കലോത്സവത്തിൽ കുച്ചിപ്പുടിയിലും ഭരതനാട്യത്തിലും ടീച്ചറുടെ നാല് ശിഷ്യരാണ് മത്സരിക്കുന്നത്. തൊഴുവൻകോട് ചാമുണ്ഡിക്ഷേത്ര ട്രസ്റ്റിന്റെ സൗജന്യ ഡാൻസ് ക്ലാസിലെ ടീച്ചറായ രാഗിണിക്ക് കവടിയാറിൽ സ്വന്തമായി ഡാൻസ് സ്‌കൂളുമുണ്ട്. അവിടെയും പാവപ്പെട്ട കുട്ടികളെ സൗജന്യമായാണ് പഠിപ്പിക്കുന്നത്.
ഫീസ് നൽകി പഠിക്കുന്ന ശിഷ്യരുടെ സംഭാവനയും സ്വന്തം പണവും ഉപയോഗിച്ചാണ് പാവപ്പെട്ട കുട്ടികളെ മത്സരത്തിനൊരുക്കുന്നത്. കലോത്സവവേദിയിൽ ടീച്ചറുടെ നിർദ്ധന ശിഷ്യർക്ക് 20 വർഷമായി സൗജന്യമായി മേക്കപ്പ് ചെയ്യുന്നത് പ്രശാന്ത് പ്രാക്കുളമാണ്. ഏകമകൻ രാഹുൽ എസ്. യു.കെയിൽ ജോലിചെയ്യുന്നു.