
തിരുവനന്തപുരം : കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയതോടെ, ഇടത് സർക്കാരും സി.പി.എം സംസ്ഥാന നേതൃത്വവും വെട്ടിലായി. പാർട്ടി കുടുംബാംഗം കൂടിയായിരുന്ന നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ തന്നെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സി.പി.എം നേതാവായതിനാൽ ഭരണതലത്തിലുള്ള സ്വാധീനമുപയോഗിച്ച് പി.പി ദിവ്യ അന്വേഷണം അട്ടിമറിക്കാൻ സാദ്ധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ആദ്യം മുതൽ നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന സി.പി.എമ്മിന്റെയും സർക്കാരിന്റെയും വാദം കുടുംബം ഇപ്പോൾ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന സന്ദേശമാണ് പുറത്ത് വരുന്നത്. മരണത്തിൽ കുറ്റാരോപിതയായി അറസ്റ്റ് ചെയ്ത കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതും ,കേസിൽ അന്വേഷണം എങ്ങുമെത്താത്തതും സർക്കാരിലും പാർട്ടിയിലുമുള്ള കുടുംബത്തിന്റെ വിശ്വാസമില്ലാതാക്കിയെന്നും അനുമാനിക്കപ്പെടുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ ദിവ്യയ്ക്ക് മേൽ സി.പി.എം സ്വീകരിച്ച അച്ചടക്ക നടപടിയിലൂടെ നവീന്റെ കുടുംബത്തിന്റെ വിശ്വാസം തിരിച്ചു പിടിക്കാനും കഴിഞ്ഞില്ല.പാർട്ടി പത്തനംതിട്ട ജില്ലാ ഘടകം പിന്തുണ ആവർത്തിക്കുമ്പോൾ കേസ് അട്ടിമറിക്കാനുള്ള ചരടുവലികളിലാണ് കണ്ണൂർ ഘടകം .
മരണവുമായി ബന്ധപ്പെട്ട് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണർ ഗീത നടത്തിയ അന്വേഷണ റിപ്പോർട്ട് റവന്യു മന്ത്രി മുഖ്യമന്ത്രിക്ക് നൽകിയിട്ടും അതിൽ തുടർനടപടികളുണ്ടായിട്ടില്ല. പെട്രോൾ പമ്പിന് അനുമതി നൽകാൻ നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് ആരോപണമുയർത്തിയ ടി.വി പ്രശാന്തൻ നൽകിയെന്ന് പറയപ്പെടുന്ന പരാതി വ്യാജമെന്ന് തെളിഞ്ഞിരുന്നു. ഇതിലൂം സർക്കാർ മൗനം പാലിക്കുകയാണ്.
പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രിക്കൽ ഹെൽപ്പറായ പ്രശാന്തനെ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേ, മെഡിക്കൽ വിദ്യാഭ്യാസ ജോയിൻ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ എന്നിവർ നേരിട്ട് നടത്തിയ അന്വേഷത്തിന്റെ അടിസ്ഥാനത്തിൽ സസ്‌പെന്റ് ചെയ്തിരുന്നു. സർവ്വീസിൽ നിന്നും പിരിച്ചുവിടുമെന്ന് ആരോഗ്യ മന്ത്രിയടക്കം പറഞ്ഞെങ്കിലും തുടർനടപടികളുണടായില്ല
നവീൻ ബാബുവിന്റെ മേലധികാരിയായിരുന്ന ജില്ലാ കളക്ടർ അരുൺ .കെ. വിജയനെ വിശ്വാസമില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. വകുപ്പുതല അന്വേഷണത്തിൽ നൽകിയ മൊഴിക്ക് വിരുദ്ധമായി കളക്ടർ അന്വേഷണസംഘത്തിന് നൽകിയ മൊഴിയും വിവാദമായിരുന്നു. അദ്ദേഹത്തെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യവും ഇതു വരെ അംഗീകരിക്കപ്പെട്ടില്ല..