നെയ്യാറ്റിൻകര: റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാംസ്ഥാനം നേടിയ അഖിൻ കലോത്സവവേദിയിലെ ആത്മവിശ്വാസത്തിന്റെ പര്യായമാണ്.വെഞ്ഞാറമൂട് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ അഖിൻ വെഞ്ഞാറമൂട് ആലന്തറ സ്വദേശിയാണ്.അഖിന്റെ ചെറുപ്പത്തിൽ അമ്മയും അച്ഛനും വേർപിരിഞ്ഞു.അഖിലും രണ്ട് സഹോദരിമാരും പിന്നെ അമ്മൂമ്മ സരസ്വതിയുടെ സംരക്ഷണത്തിലായി. നൃത്തപഠനത്തിൽ അതീവ തത്പരനായിരുന്നെങ്കിലും, സാമ്പത്തിക പ്രാരാബ്ധം തടസമായി. മൂന്നാംക്ലാസിൽ പഠിക്കുമ്പോൾ വെഞ്ഞാറമൂട് കലാക്ഷേത്രയിലെ അശ്വതി പിള്ളയാണ് അഖിന് നൃത്തവഴികളിലേക്ക് വെളിച്ചവുമായെത്തിയത്.
തുടർന്ന് സുനിൽകുമാർ,ഗൗതം മഹേശ്വർ എന്നിവർ ഗുരുക്കന്മാരായെത്തി.പണം വാങ്ങാതെയായിരുന്നു നൃത്തപാഠം പകർന്നത്.ഭരതനാട്യം,കുച്ചുപ്പുടി,നാടോടിനൃത്തം,കേരളനടനം എന്നിവയിലെല്ലാം കലോത്സവങ്ങളിൽ സമ്മാനങ്ങൾ നേടി.കഴിഞ്ഞ തവണ കേരളനടനത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡുണ്ടായിരുന്നു. സുഹൃത്തും നടനും മേക്കപ്പ് കലാകാരനുമായ ആദിത്യനാണ് അഖിന് മേക്കപ്പും ചമയങ്ങളും ഒരുക്കുന്നത്.രണ്ടുവർഷമായി വെഞ്ഞാറമൂട്ടിൽ നൃത്തവിദ്യാലയം നടത്തുന്ന അഖിൻ 25 കുട്ടികൾക്ക് ഗുരുവുമാണ്.വരുമാനത്തിന്റെ ഒരുഭാഗം മൂത്തസഹോദരിയുടെ വിവാഹത്തിന് നൽകി.ഇളയ സഹോദരിക്കും അമ്മൂമ്മയ്ക്കും തണലിടം ഇപ്പോൾ അഖിനാണ്.