
തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് ഡയറക്ടറായി ദിവ്യ എസ്.അയ്യർ കഴിഞ്ഞ ദിവസം ചുമതലയേറ്റപ്പോൾ ഒരു കുടുംബത്തിലെ മൂന്നുപേർ ഇതേ വകുപ്പിന്റെ പ്രധാന സ്ഥാനത്തെത്തി എന്ന അപൂർവതയുണ്ടായി. ദിവ്യയുടെ ഭർതൃപിതാവ് അന്തരിച്ച ജി.കാർത്തികേയൻ 2001-2004 കാലഘട്ടത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രിയും ഭർതൃ മാതാവ് ഡോ. എം.ടി.സുലേഖ 2012-2015 ൽ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സർവവിജ്ഞാന കോശം (സ്റ്റേറ്റ് എൻസൈക്ളോപീഡിയ ) ഡയറക്ടറുമായിരുന്നു.
അതിന് പിന്നാലെയാണ് അതേ വകുപ്പിന്റെ ഡയറക്ടറായി ദിവ്യ എസ്. അയ്യർ കഴിഞ്ഞ ദിവസം ചുമതലയേറ്റത്. നിലവിൽ വിഴിഞ്ഞം സീപോർട്ട് എം.ഡിയായ ദിവ്യയ്ക്ക് അധികചുമതലയായാണ് സാംസ്‌കാരിക വകുപ്പ് ഡയറക്ടർ സ്ഥാനം നൽകിയത്. ഉപതിരഞ്ഞെടുപ്പിന് മുൻപ് ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയെങ്കിലും പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് സ്ഥാനമേറ്റടുക്കൽ നീണ്ടത്.