
ചിറയിൻകീഴ്: വിവിധ പദ്ധതികളാരംഭിച്ച് ചിറയിൻകീഴ് പഞ്ചായത്ത് കാർഷിക സമൃദ്ധിയിലേക്ക് കടക്കാനൊരുങ്ങുന്നു. കൃഷിസമൃദ്ധി പദ്ധതിക്കായി സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട 107 പഞ്ചായത്തുകളിലൊന്നാണ് ചിറയിൻകീഴ്. ആറ്റിങ്ങൽ കാർഷിക ബ്ലോക്കിലെ ഈ പദ്ധതിക്കായുളള ഏക പഞ്ചായത്തും ചിറയിൻകീഴാണ്. പദ്ധതിയുടെ ഭാഗമായി 1.1 ഹെക്ടറിൽ ടിഷ്യൂക്കൾച്ചർ വാഴക്കൃഷി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി സെന്റിന് 720 രൂപ നിരക്കിൽ കർഷകർക്ക് സബ്സിഡി ലഭിക്കും. മിനിമം 25 സെന്റെങ്കിലും വേണം. പദ്ധതിയുടെ ഭാഗമായി അരയത്തുരുത്തി, ആനത്തലവട്ടം, ശാർക്കര, ഗുരുവിഹാർ, കടകം, പുളുന്തുരുത്തി തുടങ്ങിയ സ്ഥലങ്ങളിൽ പഴത്തോട്ടങ്ങൾ ഒരുക്കുന്നതിനായുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. ഇതുകൂടാതെ പഞ്ചായത്തിലെ മറ്റിടങ്ങളിലും സമാനമായ തോട്ടങ്ങൾ ഒരുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. റംബുട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, മാവ്, പ്ലാവ് എന്നിവയും ഇതേമാതൃകയിൽ ഒരുക്കും. കഴിഞ്ഞ ഓണം സീസൺ ലക്ഷ്യമിട്ട് അമ്പതിനായിരത്തോളം പച്ചക്കറിത്തൈ വിതരണവും 6 ഹെക്ടറിൽ പുഷ്പക്കൃഷിയും നടത്തിയിരുന്നു. അതിന്റെ വിജയ മാതൃക പിന്തുടർന്ന് നാല് ഗ്രൂപ്പുകൾ തുടർ പുഷ്പക്കൃഷി നടത്തിവരികയാണ്.
കുട്ടികൾക്ക് കൃഷി പഠിപ്പിക്കും
കുട്ടികളെ കൃഷി പഠിപ്പിക്കാനായി കൃഷി കായികം പദ്ധതി ആരംഭിച്ചു. ശാർക്കര യു.പി.എസ്, പിള്ളയാർകുളം യു.പി.എസ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെയാണ് നിലവിൽ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനെല്ലാം പുറമേ ചിറയിൻകീഴ് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 24 ലക്ഷം രൂപയുടെ വിവിധ പദ്ധതികളും ആരംഭിച്ചു.
ഗ്രാമച്ചന്ത ഒരുക്കി
ഉത്പാദകന് കാർഷിക വിപണി ഒരുക്കുന്നതിന്റെ ഭാഗമായി ആഴ്ചതോറും ഗ്രാമച്ചന്തയും ഒരുക്കിയിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചയും രാവിലെ 8.30 മുതൽ 10.30 വരെയാണ് ശാർക്കര ബൈപ്പാസ് ജംഗ്ഷനിൽ ചന്ത പ്രവർത്തിക്കുന്നത്. കർഷകർക്ക് കൃഷി ഉത്പന്നങ്ങൾ ഇവിടെ വിറ്റഴിക്കാം. വിറ്റഴിക്കാത്ത കൃഷി ഉത്പന്നങ്ങൾ കൃഷിവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കർമ്മശ്രീ കൃഷിക്കൂട്ടം വാങ്ങി ശേഖരിക്കും.