
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതു പരിഷ്കാരത്തിനും രാഷ്ട്രീയ കക്ഷികൾ എതിർപ്പുകൾ ഉയർത്താറുണ്ട്. വോട്ടു ചെയ്യാൻ വരുന്നവർക്ക് ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ് ഏർപ്പെടുത്തിയത് ടി.എൻ. ശേഷൻ ചീഫ് ഇലക്ഷൻ കമ്മിഷണറായിരുന്ന 1993-ലാണ്. ആധാർ കാർഡ് വരുന്നതിനും മുമ്പായിരുന്നു അത്. ഇന്ത്യയിൽ പതിനെട്ടു വയസ് തികഞ്ഞ എല്ലാവരുടെയും ഫോട്ടോ എടുക്കുന്ന കാര്യമൊന്നും നടപ്പുള്ളതല്ലെന്നും, അതിന് വലിയ പണച്ചെലവ് വരുമെന്നും മറ്റുമാണ് എതിർത്തവർ പറഞ്ഞത്. ഇലക്ഷൻ കമ്മിഷൻ രാഷ്ട്രീയക്കാർക്ക് ഇടപെടാൻ കഴിയാത്ത സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായതുകൊണ്ടു മാത്രമാണ് അന്ന് വോട്ടർ ഐഡന്റിറ്റി കാർഡ് നടപ്പാക്കാനായത്. ഇതിനെ എതിർത്തവർ കള്ളവോട്ടിനെ പിന്തുണയ്ക്കുന്നവരാണെന്ന വിമർശനം കൂടി ഉയർന്നതോടെ എതിർത്തിരുന്ന പ്രധാന കക്ഷികൾ പിൻവാങ്ങുകയായിരുന്നു.
ഒരിക്കലും നടക്കില്ലെന്നു കരുതിയ വോട്ടർ ഐഡന്റിറ്റി കാർഡ് ഇന്ത്യയിൽ നടപ്പായത് അങ്ങനെയാണ്. അന്ന് വെറും പേപ്പറിൽ കറുത്ത മഷിയിൽ അച്ചടിച്ച്, ഫോട്ടോയും ഉൾപ്പെടുത്തി ലാമിനേറ്റ് ചെയ്താണ് നൽകിയിരുന്നത്. 2015 മുതൽ അതിന്റെ കെട്ടും മട്ടും മാറി. പെട്ടെന്ന് നശിപ്പിക്കാൻ കഴിയാത്ത പി.വി.സി ഷീറ്റിൽ, വ്യക്തതയോടെ കളറിലാണ് ഇപ്പോഴത്തെ വോട്ടർ ഐഡന്റിറ്റി കാർഡുകൾ. ഇത് മറ്റു പല സേവനങ്ങൾക്കും രേഖയായി ഉപയോഗിക്കാനുമാവും. കാലം മാറുന്നതനുസരിച്ച് മനുഷ്യൻ ശാരീരികമായി ചെയ്തുകൊണ്ടിരുന്ന പല കാര്യങ്ങളും യന്ത്രങ്ങൾ ഏറ്റെടുക്കും. ശാസ്ത്രത്തിന്റെ വിജയമാണത്. ജീവിതത്തിന്റെ സമസ്ത മേഖലകളുമായും ബന്ധപ്പെട്ട് ചെറുതും വലുതുമായ എണ്ണിയാലൊടുങ്ങാത്ത യന്ത്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതെല്ലാം മാറ്റി, പഴയ യുഗത്തിലേക്കുള്ള ഒരു തിരിച്ചുപോക്കിനെപ്പറ്റി പറയാമെന്നല്ലാതെ നടപ്പാക്കാൻ ഒരിക്കലും സാദ്ധ്യമല്ല. ഇതു മനസിലാക്കാതെ ചിലർ ഇന്നും വോട്ടിംഗ് മെഷീനുകൾ വേണ്ടെന്നു വയ്ക്കണമെന്ന് വാദിക്കുന്നതിനെ സഹതാപത്തോടെയേ വീക്ഷിക്കാനാകൂ.
മനുഷ്യന് തെറ്റു പറ്റാറുണ്ട്. അതുപോലെ ചില യന്ത്രങ്ങൾക്കും തകരാറുകൾ സംഭവിക്കാം. അതു പക്ഷേ ഒറ്റപ്പെട്ടതായിരിക്കും. അത് തിരുത്തിയാൽ മതി. അതിന്റെ പേരിൽ എല്ലാ വോട്ടിംഗ് യന്ത്രങ്ങളും ഒഴിവാക്കണമെന്നു വാദിക്കുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുന്നതിനു തുല്യമാണ്. ചില പ്രധാന കക്ഷികളും മുന്നണികളും വോട്ടെടുപ്പിൽ പരാജയം സംഭവിച്ചാൽ ആദ്യം സംശയിക്കുന്നത് വോട്ടിംഗ് യന്ത്രത്തെയാണ്. ജനങ്ങളിൽ നിന്ന് അകന്നതുകൊണ്ടോ, ഭരണപരാജയം കൊണ്ടോ, വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാതിരുന്നതുകൊണ്ടോ, കാപട്യം ജനങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടോ മറ്റുമായിരിക്കും പരാജയം സംഭവിക്കുക. ഇതൊന്നും വിശകലനം ചെയ്യാതെ വോട്ടിംഗ് മെഷീനെ പഴിപറയുന്നത് അണികളെ തെറ്റിദ്ധരിപ്പിക്കാൻ ഉതകുമെന്നല്ലാതെ മറ്റൊരു പ്രയോജനവും ചെയ്യില്ല.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ നിന്ന് പഴയ ബാലറ്റ് പേപ്പർ സമ്പ്രദായത്തിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി ചോദിച്ചത്, ജയിക്കുമ്പോൾ വോട്ടിംഗ് യന്ത്രത്തിന് കുഴപ്പമില്ലേ എന്നാണ്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ തട്ടിപ്പ് നടക്കുന്നതിനെ ചന്ദ്രബാബു നായിഡു, വൈ.എസ്. ജഗൻമോഹൻ റെഡ്ഡി തുടങ്ങിയ നേതാക്കൾ പോലും ചോദ്യം ചെയ്തിട്ടുണ്ടെന്ന് ഹർജിക്കാരൻ വാദത്തിനിടെ ചൂണ്ടിക്കാട്ടുകയുണ്ടായി. നിങ്ങൾ ജയിക്കുന്ന തിരഞ്ഞെടുപ്പിൽ ഇ.വി.എമ്മിൽ തട്ടിപ്പ് ആരോപിക്കുന്നില്ലല്ലോ എന്നായിരുന്നു ജസ്റ്റിസുമാരായ വിക്രംനാഥ്, പി.ബി. വരാലെ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ മറുചോദ്യം. നായിഡുവോ റെഡ്ഡിയോ തോൽക്കുമ്പോൾ ഇ.വി.എമ്മിൽ തട്ടിപ്പ് ആരോപിക്കുന്നു. അവർ ജയിക്കുകയാണെങ്കിൽ ഒന്നും മിണ്ടില്ല. ഇതെങ്ങനെയാണ് കാണേണ്ടത്?അതിനാൽ ഹർജി തള്ളുന്നു എന്നാണ് കോടതി പറഞ്ഞത്. മഹാരാഷ്ട്രയിൽ തോറ്റപ്പോഴും കുറ്റം വോട്ടിംഗ് മെഷീന്റെ തലയിൽ വയ്ക്കാൻ കോൺഗ്രസിലെ ചില നേതാക്കൾ ശ്രമിച്ചിരുന്നു. ജാർഖണ്ഡിൽ ബി.ജെ.പി തോറ്റതിനാൽ ഇങ്ങനെയൊരു ആരോപണം ഉയർന്നിട്ടില്ല. ജനങ്ങളിൽ നിന്ന് അകന്നതിന് പാവം മെഷീനെ സംശയിച്ചതുകൊണ്ട് കാര്യമില്ല.