d

തിരുവനന്തപുരം: വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുക, അവരുടെ ക്ഷേമവും പുനരധിവാസവും ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ട് അർദ്ധ ജുഡിഷ്യൽ അധികാരങ്ങളോടെ വയോജന കമ്മിഷൻ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്തതായി മന്ത്രി ആർ.ബിന്ദു അറിയിച്ചു.

വയോജന പരിപാലനത്തിൽ പരിചയമുള്ള അദ്ധ്യക്ഷനും മൂന്ന് അംഗങ്ങളുമാകും കമ്മിഷനിലുണ്ടാവുക. ഒരംഗം പട്ടികവിഭാഗത്തിൽ നിന്നും ഒരംഗം വനിതയുമായിരിക്കും. കമ്മിഷൻ അംഗങ്ങൾ എല്ലാവരും വയോജനങ്ങളായിരിക്കും. മൂന്നുവർഷമാണ് കാലാവധി. കമ്മിഷൻ അദ്ധ്യക്ഷന് ഗവ. സെക്രട്ടറിയുടെ പദവിയുണ്ടാകും. ശമ്പളവും ബത്തകളും കിട്ടും.

അഡി.സെക്രട്ടറി റാങ്കിൽ കുറയാത്ത സെക്രട്ടറിയും ജോയിന്റ് സെക്രട്ടറി റാങ്കുള്ള രജിസ്ട്രാറും ഉണ്ടാകും. ധനവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയെ ഫിനാൻസ് ഓഫീസറായി നിയമിക്കും. തിരുവനന്തപുരത്താണ് ആസ്ഥാനം. പ്രത്യേക ആവശ്യങ്ങൾക്കായി രണ്ടുപേരെ കമ്മിഷൻ യോഗങ്ങളിൽ ക്ഷണിതാക്കളാക്കാം. അവർക്ക് വോട്ടവകാശമുണ്ടാവില്ല. 2030ഓടെ കേരളത്തിലെ ജനസംഖ്യയിൽ 25ശതമാനം വയോജനങ്ങളാവുമെന്നാണ് കണക്ക്.

കമ്മിഷൻ ചുമതലകൾ

1.വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും സഹായവും മാർഗനിർദ്ദേശവും നൽകുക

2.സർക്കാരുമായി ചേർന്ന് പുനരധിവാസം ഉറപ്പാക്കുക. നിയമസഹായം നൽകുക. അവരുടെ കഴിവുകൾ സമൂഹത്തിന് ഉപയുക്തമാക്കുക

3.വയോജനങ്ങളുടെ സംരക്ഷണമടക്കമുള്ള പ്രശ്നങ്ങളിൽ കമ്മിഷന് നേരിട്ടിടപെടാം

''വയോജനങ്ങൾക്കെതിരായ അതിക്രമങ്ങളും പീഡനങ്ങളും അവഗണനയും തടയാനാണ് കമ്മിഷൻ

-മന്ത്രി ആർ.ബിന്ദു