
നെയ്യാറ്റിൻകര: അച്ഛന്റെ ഓട്ടോയാണ് അശ്വതിയുടെ ഐശ്വര്യം.സ്കൂളിൽ പോകുന്നതും അവിടെ നിന്നും ഡാൻസ് പഠിക്കാൻ പോകുന്നതുമെല്ലാം അച്ഛൻ ശ്യാംകുമാറിന്റെ ഓട്ടോയിൽ.ഇന്നലെ കേരള നടന മത്സരം കഴിഞ്ഞ് ഓട്ടോറിക്ഷയിൽ അമ്മ ശാരികയ്ക്കൊപ്പം വിശ്രമിക്കുമ്പോൾ കേട്ട അനൗൺസ്മെന്റ് മാറനല്ലൂർ ഡി.വി.എം എൻ.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺകാരി അശ്വതി.എസ്. നായർക്ക് വിശ്വസിക്കാനായില്ല.എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം.മാറനല്ലൂർ കൂവളശ്ശേരി സരസ്വതിഭവനിൽ നിന്നും സംസ്ഥാന കലോത്സവത്തിനു പുറപ്പെടുന്നതും അച്ഛന്റെ മുച്ചക്രത്തേരിൽ തന്നെയാണെന്നുറപ്പിച്ചിരിക്കുകയാണ് അശ്വതി.മൂന്നുവയസുള്ളപ്പോൾ ടി.വിയിലെ നൃത്ത പരിപാടി കണ്ട് നൃത്തം ചെയ്യാൻ ശ്രമിക്കുന്ന മകളെ ശ്യാംകൂമാർ ശാസ്ത്രീയ നൃത്തം പഠിപ്പിക്കാൻ അദ്ധ്യാപിക സ്റ്റീനാരാജിന്റെ അടുത്ത് എത്തിച്ചു. ക്രമേണ അശ്വതിയുടെ കുടുംബത്തിന്റെ അവസ്ഥ തിരിച്ചറിഞ്ഞ സ്റ്റീന അശ്വതിയെ പഠിപ്പിച്ചത് സൗജന്യമായി. ഇന്നലെ നൃത്ത വേദിയിൽ അശ്വതി എത്തിയത് സ്റ്റീന നൽകിയ കോസ്റ്റ്യൂമ്സ് ധരിച്ച്.നൃത്ത മത്സരത്തിന് കോസ്റ്റ്യൂമ്സ് വാടകയ്ക്ക് എടുക്കണമെങ്കിൽ പോലും 3000- 4000 രൂപ വേണം.