trissur-accident

നാടിനെ ഞെട്ടിക്കുന്ന അപകടങ്ങളുണ്ടാകുമ്പോൾ ഔദ്യോഗിക സംവിധാനങ്ങൾ ഉണർന്നെഴുന്നേറ്റു വരുന്നത് അതിശയകരമായ വേഗത്തിലാണ്. തൃശൂർ നാട്ടികയിൽ ചൊവ്വാഴ്ച പുലർച്ചെ നാലര മണിയോടെ പാതയോരത്ത് ഉറങ്ങിക്കിടന്ന നാടോടി കുടുംബത്തിനുമേൽ ലോറി പാഞ്ഞുകയറി രണ്ടു കുഞ്ഞുങ്ങൾ ഉൾപ്പെടെ അഞ്ചുപേരാണ് മരണപ്പെട്ടത്. കണ്ണൂരിൽ നിന്ന് തടി കയറ്റി മാഹി വഴി എത്തിയ ലോറിയുടെ ഡ്രൈവറും ക്ളീനറും കണക്കറ്റു മദ്യപിച്ച നിലയിലായിരുന്നുവത്രെ. സ്വബോധം നഷ്ടപ്പെട്ട നിലയിൽ വെളുപ്പിന് ക്ളീനറെ ലോറി ഏല്പിച്ച് ഉറങ്ങാൻ കിടന്ന ഡ്രൈവർ,​ താൻ ഒരു കൂട്ടക്കുരുതി അറിഞ്ഞുകൊണ്ട് ക്ഷണിച്ചുവരുത്തുകയാണെന്ന് ലഹരിയുടെ വിഭ്രാന്തിയിൽ ഓർത്തുകാണില്ല. ലൈസൻസ് പോലുമില്ലാത്ത ക്ളീനറെ ലോറി ഏല്പിച്ചുകൊടുത്ത ഡ്രൈവർ എത്ര വലിയ പാതകമാണ് ചെയ്തുവച്ചതെന്ന് ഇനി ചിന്തിച്ചിട്ടു കാര്യമില്ല. പൊതുനിരത്തുകൾ കുരുതിക്കളമാക്കി ദിവസവും ഇതുപോലുള്ള ചെറുതും വലുതുമായ എത്രയെത്ര വാഹനാപകടങ്ങൾക്കാണ് സംസ്ഥാനം സാക്ഷിയാകുന്നത്!

പ്രതിവർഷം അയ്യായിരത്തോളം പേർ സംസ്ഥാനത്ത് റോഡപകടങ്ങളിൽ മരണപ്പെടുന്നുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. അരലക്ഷത്തിലേറെ പേർക്ക് പരിക്കേൽക്കുന്നുമുണ്ട്. അപകടങ്ങളും മരണങ്ങളും കുറയ്ക്കാൻ ഗതാഗത നിയമം കർക്കശമാക്കിയിട്ടുണ്ട്. നിയമലംഘനങ്ങൾക്ക് വലിയ തോതിൽ പിഴ ഈടാക്കുന്നുമുണ്ട്. എന്നാൽ ഇത്തരം നടപടികളൊന്നും അപകടങ്ങൾ കുറയ്ക്കാൻ പര്യാപ്തമാകുന്നില്ല. നിയമലംഘനങ്ങൾ പെരുകുകയാണ്. ഗതാഗത നിയമം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ വേണ്ടത്ര സേനാംഗങ്ങൾ ഇല്ലെന്നതാണ് ഏറ്റവും വലിയ പോരായ്മ.

പാലക്കാട്ടെ മുതലമടയിൽ കഴിയുന്ന നാടോടി കുടുംബത്തിനാണ് പണി നടക്കുന്ന ദേശീയപാതയിൽ അകാലമൃത്യു നേരിടേണ്ടിവന്നത്. ആക്രി പെറുക്കി വിറ്റ് അന്നം തേടിയിരുന്ന കുടുംബം,​ തൃപ്രയാറിലെ സ്ഥിരം കിടപ്പുസ്ഥലം ഉത്സവത്തെത്തുടർന്ന് ഒഴിപ്പിക്കപ്പെട്ടതിനെത്തുടർന്നാണ് ദേശീയപാതയിലെ ഒഴിഞ്ഞ സ്ഥലത്ത് അന്തിയുറങ്ങാൻ എത്തിയത്. പണി നടക്കുന്നതിനാൽ അവിടെ ബാരിക്കേഡ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.

എന്നാൽ പൂർണ മദ്യലഹരിയിലായിരുന്ന ലോറി ക്ളീനർക്ക് റോഡും ബാരിക്കേഡുമൊന്നും തിരിച്ചറിയാനായില്ല. കണ്ണൂരിൽ നിന്നേ ഡ്രൈവറും ക്ളീനറും കുടിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 175 കിലോമീറ്ററോളം ലക്കില്ലാതെ ഓടിച്ചുവന്ന ലോറി വഴിയിൽ ഒരിടത്തും ഒരു പൊലീസുകാരൻ പോലും പരിശോധിക്കാനോ നിയമലംഘനത്തിന് ലോറി ജീവനക്കാരെ തടയാനോ ശ്രമിച്ചില്ലെന്നിടത്താണ് നിയമങ്ങൾ നോക്കുകുത്തിയായി മാറുന്നത്. ഒരു അഗതി കുടുംബത്തിലെ അഞ്ചുപേരുടെ കൂട്ടമരണം സൃഷ്ടിച്ച അങ്കലാപ്പിൽ വലിയ വായിൽ വർത്തമാനം പറയാൻ ഭരണാധികാരികൾ ഉൾപ്പെടെ പലരും ഇപ്പോൾ മുമ്പോട്ടുവരുന്നുണ്ട്. ലോറിയുടെ രജിസ്ട്രേഷൻ റദ്ദാക്കി, ലൈസൻസും പിൻവലിക്കാൻ ആലോചനയുണ്ട്. കൂടുതൽ കടുത്ത നടപടികളുണ്ടാകുമെന്നാണ് ഗതാഗത മന്ത്രിയും പറഞ്ഞത്. രാത്രികാല പരിശോധന കടുപ്പിക്കുമത്രെ.

രാത്രികാല പട്രോളിംഗും പരിശോധനകളും കൃത്യമായി നടന്നിരുന്നുവെങ്കിൽ ഇതുപോലുള്ള മനുഷ്യക്കുരുതികൾ തടയാമായിരുന്നു. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഇടപെടുന്നതല്ല ശരിയായ ഭരണരീതി. ഇടതടവില്ലാതെ നടക്കേണ്ട കാര്യമാണത്. വാഹനാപകടങ്ങളിൽ നല്ലൊരു ഭാഗം രാത്രികാലങ്ങളിലാണ് സംഭവിക്കുന്നത്. അനിയന്ത്രിതമായ രീതിയിൽ പാതവക്കിലെ പാർക്കിംഗും അമിതവേഗവും മദ്യപിച്ചുള്ള ഡ്രൈവിംഗുമൊക്കെ ഇതിനു കാരണങ്ങളാണ്. കർക്കശമായ പരിശോധനകളും നിരീക്ഷണവുംകൊണ്ടേ ഇത് നിയന്ത്രിക്കാനാകൂ. രാത്രിയിൽ ഓടുന്ന വാഹനങ്ങൾ വഴിയിൽ ഒരിടത്തെങ്കിലും പരിശോധിക്കാനുള്ള സംവിധാനം ഒരുക്കണം. അതിന് വേണ്ടത്ര പൊലീസ് സേനാംഗങ്ങളെ നിയമിക്കുകയും വേണം. അപകടങ്ങൾ ഉണ്ടാകുമ്പോൾ വെറുതെ മുതലക്കണ്ണീരൊഴുക്കിയിട്ട് കാ‌ര്യമില്ല. അത് ഫലപ്രദമായി എങ്ങനെയെല്ലാം തടയാനാകുമെന്നാണ് നോക്കേണ്ടത്. നിയമം നടപ്പാക്കാൻ ചുമതലപ്പെട്ടവർ കാണിക്കുന്ന അലസതയും ഉപേക്ഷയുമാണ് പൊതുനിരത്തുകളെ എപ്പോഴും ചുവപ്പിക്കുന്നത്.