നെയ്യാറ്റിൻകര: നാടകം ആസ്വദിക്കുന്നവരുടെ ഇടയിലേക്ക് ഹോണടിച്ച് വരുന്ന കാറുകൾ. ആകെ പാളിയ ശബ്ദ സംവിധാനം. പിന്നെങ്ങനെ നാടകമാസ്വദിക്കും? ഹൈസ്കൂൾ വിഭാഗം നാടക മത്സരം ആസ്വദിക്കാനെത്തിയവർ നിരാശരായി മടങ്ങി. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ മൂന്നാം വേദിയിലായിരുന്നു നാടകമത്സരം. സ്കൂൾ മുറ്റത്തെ പ്രധാനവേദിയുടെ നടുവിലൂടെ വാഹനങ്ങൾ കടന്നുപോകാൻ അനുവദിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഉച്ചയൂണിന് സമയമായതോടെ ഊട്ടുപുരയിലേക്ക് വന്ന വാഹനങ്ങളും ഇതുവഴിയായി യാത്ര. പലരും അവിടെ നാടക മത്സരം നടക്കുന്ന കാര്യം തന്നെ മറന്നു.
പിന്നിൽ നിന്ന് നാടകം കാണുന്നവർക്ക് ഓരോവട്ടം വാഹനം കടന്നു പോകുമ്പോഴും മാറിക്കൊടുക്കേണ്ടി വന്നു. വേദിയിലെ മൈക്കുകൾക്കും ശബ്ദം തീരെ കുറവായിരുന്നു. പിന്നിലിരുന്നവർക്ക് കാത് കൂർപ്പിച്ചിട്ട് പോലും ഒന്നും കേൾക്കാനായില്ല. വാഹനങ്ങളുടെ ശബ്ദവും ഇടയ്ക്ക് പെയ്ത ചാറ്റൽ മഴയും കൂടിയായപ്പോൾ അസഹനീയതയോടെയാണ് പലരും സദസിൽ നിന്നും പോയത്. അതേസമയം ടൗൺഹാളിൽ നടന്ന യു.പി വിഭാഗം നാടകമത്സരം സമാധാനാന്തരീക്ഷത്തിൽ അരങ്ങേറി.