
വെഞ്ഞാറമൂട്: ആകാശത്തിലൂടെ പറന്നു പോകുന്ന വിമാനങ്ങളെ പലവട്ടം കൗതുകത്തോടെ നോക്കി നിന്നിട്ടുള്ള എഴുപത്തിയഞ്ചുകാരി സരസ്വതി അമ്മയുടെ സ്വപ്നമായിരുന്നു ഒരിക്കൽ താനും വിമാനത്തിൽ കയറണമെന്നുള്ളത്. ഇപ്പോൾ സരസ്വതി അമ്മയുടെ മാത്രമല്ല ഇതുപോലെ സ്വപ്നംകണ്ട 44 വീട്ടമ്മമാരുടെ സ്വപ്നം യാഥാർത്ഥ്യമാക്കുകയാണ് നെല്ലനാട് സി.ഡി.എസ്.
കൂലിപ്പണിയും തൊഴിലുറപ്പ് ചെയ്തും പെൻഷൻ പൈസയുമൊക്കെ സ്വരൂപിച്ചാണ് അവർ സ്വപ്ന സാക്ഷാത്കാരത്തിനിറങ്ങിയത്. എല്ലാത്തിനും നേതൃത്വം നൽകിയത് നെല്ലനാട് സി.ഡി.എസ് ചെയർപേഴ്സൺ ഹസീനയും. വിമാനത്തിൽ മാത്രമല്ല ട്രെയിനിലും മെട്രോയിലുമൊക്കെ ആദ്യമായി കയറിയവരായിരുന്നു ഇതിൽ ഭൂരിപക്ഷവും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞ ആഴ്ച രാവിലെ യാത്രതിരിച്ച് ബാംഗ്ലൂരിൽ ഇറങ്ങി, അവിടെ മെട്രോ ട്രെയിനിലും കയറി ബാനാർഘാദ നാഷണൽ പാർക്ക്, ജങ്കിൾ സഫാരി മൃഗശാല, വിധാനസൗദ്,ലാൽ ബാഗ് ബൊട്ടാണിക്കൽ ഗാർഡൻ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ബാംഗ്ലൂർ മജിസ്റ്റിക്കിൽ ഷോപ്പിംഗ് നടത്തി തിരികെ ട്രെയിനിൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. അവിടെനിന്ന് ടൂറിസ്റ്റ് ബസിൽ ലുലുമാളും സന്ദർശിച്ചാണ് മടങ്ങിയത്.