
ബംഗ്ലാദേശിലെ ഭരണ അട്ടിമറിയെ തുടർന്ന് ഹിന്ദുക്കൾക്കെതിരേ ഉണ്ടാകുന്ന ആക്രമണത്തിന്റെയും കലാപത്തിന്റെയും പശ്ചാത്തലത്തിൽ ഇന്ത്യയുടെ ആശങ്കകൾ മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ വിശകലനം ചെയ്യുന്നു
---------------------------------------------------------
ഷെയ്ഖ് ഹസീനയുടെ കാലത്താണ് ബംഗ്ലാദേശുമായി രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര രംഗങ്ങളിൽ ഇന്ത്യ നല്ല ബന്ധം പുലർത്തിയത്. കയറ്റുമതി, ഇറക്കുമതി, പ്രതിരോധം, ഭീകരവിരുദ്ധ പോരാട്ടം തുടങ്ങിയവയിലെല്ലാം ഇന്ത്യ - ബംഗ്ലാദേശ് യോജിപ്പിന്റെ സുവർണ കാലമായിരുന്നു അത്.
ഹസീന അധികാരത്തിലെത്തുമ്പോൾ ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു. ഖാലിദ് സിയ എത്തുമ്പോൾ മറിച്ചും. പ്രതീക്ഷിച്ചതിലേറെ ആശങ്കയുണ്ടാക്കുന്ന സംഭവവികാസങ്ങളാണ് ബംഗ്ലാദേശിൽ. ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാനുമായി അവർ വലിയ ബന്ധമുണ്ടാക്കി കഴിഞ്ഞു. പ്രതിരോധ സഹായമായി പാകിസ്ഥാൻ നൽകിയ ആയുധങ്ങളാണ് പ്രക്ഷോഭകാരികൾ ഉപയോഗിക്കുന്നത്.
ഇന്ത്യയുടെ കയറ്റുമതിയെയും ഇറക്കുമതിയെയും ബംഗ്ലാദേശിലെ പ്രശ്നങ്ങൾ ബാധിച്ചിട്ടുണ്ട്. നമ്മുടെ കയറ്റുമതിയിൽ നല്ലൊരു പങ്കും ബംഗ്ലാദേശിലേക്കായിരുന്നു. ഇപ്പോൾ പാകിസ്ഥാനിൽ നിന്നും മറ്റുമാണ് അവരുടെ ഇറക്കുമതി. ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ വന്നെങ്കിലും കൂടുതൽ സംഘർഷവും ഹിന്ദുക്കൾക്കെതിരായ കലാപവുമായി തീവ്ര മതരാഷ്ട്ര രൂപീകരണത്തിലേക്കാണ് പോകുന്നത്.
ഇന്ത്യാ വിരുദ്ധ നീക്കങ്ങൾ
ഇന്ത്യയുടെ പിന്തുണയോടെ സ്വാതന്ത്ര്യം കിട്ടിയ ബംഗ്ലാദേശിന് ഇപ്പോൾ ഇന്ത്യാ വിരുദ്ധ നിലപാടാണ്. വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പുറത്തായ ഷെയ്ഖ് ഹസീനയ്‌ക്ക് ഇന്ത്യ അഭയം നൽകുകയും അവരെ തിരിച്ചയയ്ക്കണമെന്ന ആവശ്യം തള്ളുകയും ചെയ്തതോടെ ഇന്ത്യ വിരുദ്ധ നീക്കങ്ങൾ ശക്തമാവുകയാണ്. ബംഗ്ലാദേശ് മതേതര രാജ്യമാണെന്നാണ് പറയുന്നതെങ്കിലും മതം ഇസ്ലാമാണെന്ന് ഭരണഘടനയിൽ എഴുതിയിട്ടുണ്ട്. അതുവച്ചാണ് ഹിന്ദുക്കളെ ആക്രമിക്കുന്നത്. രണ്ട് ദിവസത്തിനിടെ 4 പേർ കൊല്ലപ്പെട്ടു. ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് തടവിലാക്കി. ഇതെല്ലാം ഇന്ത്യയെ പ്രകോപിപ്പിക്കാനാണെന്നു വേണം വിലയിരുത്താൻ.
പിന്നിൽ അമേരിക്കയും
നോബൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ വന്നിട്ടും സ്ഥിതി മാറിയില്ല. ഇന്ത്യയുമായി അദ്ദേഹത്തിന് അടുത്ത സൗഹൃദമായിരുന്നെങ്കിലും ഹസീനയെ മാറ്റാൻ അമേരിക്ക വളർത്തിയ ആളാണ് മുഹമ്മദ് യൂനുസെന്നാണ് പറയപ്പെടുന്നത്. സംവരണവിരുദ്ധ പ്രക്ഷോഭത്തിലും തന്റെ രാജിക്കും പിന്നിൽ യു.എസ് ഗൂഢാലോചനയുണ്ടെന്ന് ഹസീന ആരോപിച്ചിട്ടുണ്ട്. ചൈനയെ നിരീക്ഷിക്കാൻ മ്യാൻമറിനോട് ചേർന്ന് വ്യോമത്താവളം നിർമ്മിക്കാനുള്ള അമേരിക്കൻ പദ്ധതി ഹസീന അംഗീകരിച്ചിരുന്നില്ല. ഇതടക്കമുള്ള ഭിന്നതകളുടെ പേരിൽ അമേരിക്കയുടെ ഇടപെടലിലാണ് ഹസീനയുടെ അറസ്റ്റുണ്ടായതെന്ന് പറയപ്പെടുന്നു.
പ്രതീക്ഷ ട്രംപിൽ
ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ ആഗോളതലത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. അമേരിക്കയിലെ ഭരണമാറ്റത്തിലാണ് ഇനി പ്രതീക്ഷ. ജനുവരിയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ എത്തുന്നതോടെ ഇതിനെതിരേ നടപടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഒരു രാജ്യത്ത് ഹിന്ദുക്കളെ ഉപദ്രവിക്കുന്നുണ്ടെന്നും അത് അനുവദിക്കില്ലെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ട്രംപ് വരുമ്പോൾ എന്ത് മാറ്റമുണ്ടാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.