
നെയ്യാറ്റിൻകര: 'അഞ്ചുവയസിലാണ് ആദ്യമായി കവിതയെഴുതുന്നത്. പിന്നീട് വേദനയും സന്തോഷവുമെല്ലാം കവിതകളായി എഴുതിത്തുടങ്ങി. ഇപ്പോൾ ഏറ്റവും വലിയ മോഹം കവിതകളെല്ലാം ചേർത്ത് പുസ്തകം പുറത്തിറക്കണമെന്നാണ്..." ജില്ലാ കലോത്സവ വേദിയിൽ രണ്ടാംവട്ടവും കവിതാരചനയ്ക്ക് ഒന്നാം സ്ഥാനം നേടിയ ആത്മവിശ്വാസം ജാഹ്നവി.ആർ.ശാന്തിന്റെ വാക്കുകളിലുണ്ട്. നന്ദിയോട് എസ്.കെ.വി.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ജാഹ്നവിയുടെ കവിതാസമാഹാരത്തിന്റെ അവസാനഘട്ട മിനുക്കുപണികൾ നടക്കുകയാണ്.അദ്ധ്യാപകരാണ് പുസ്തകം പ്രസിദ്ധീകരിക്കാൻ മുൻകൈ എടുക്കുന്നത്.ഇതുവരെ പേരിട്ടിട്ടില്ലെങ്കിലും ഹൃദയം കൊണ്ടെഴുതിയ കവിതകളാണ് പുസ്തകത്തിലുള്ളതെന്ന് ജാഹ്നവി പറയുന്നു. അഭയാർത്ഥികളെക്കുറിച്ചാണ് ഇക്കുറി ജില്ലാ കലോത്സവത്തിൽ കവിതയെഴുതിയത്.സംസ്കൃതം പദ്യം ചൊല്ലലിനും ജാഹ്നവി പങ്കെടുത്തു. സംഘഗാനത്തിനും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞവർഷം സംസ്ഥാന കലോത്സവത്തിൽ കവിതാരചനയ്‌ക്ക് എ ഗ്രേഡ് നേടിയിരുന്നു. പാലുവള്ളി ഗവ.യു.പി.എസിലെ കണക്ക് അദ്ധ്യാപിക രമ്യയാണ് അമ്മ. പേരയം സ്വദേശിനിയാണ്.