ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിൽ സ്വകാര്യ ബസ് തട്ടി മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്. ചിറയിൻകീഴിൽ നിന്ന് പാലസ് റോഡുവഴി ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പോയ ശ്രുതി എന്ന ബസാണ് വിദ്യാർത്ഥികളുടെ ദേഹത്ത് തട്ടിയത്. ബസ് നിറുത്താതെ പോയെന്നും പരാതിയുണ്ട്. ആറ്റിങ്ങൽ ഗവ.മോഡൽ ബി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ആറ്റിങ്ങൽ കടുവയിൽ ആയില്യം വീട്ടിൽ എ.ആർ. അഭിനവ് (15), ആൽത്തറമൂട് ദർശനാവട്ടം ആർ.ബി.ഭവനിൽ ജെ.ദേവനാരായൺ (15), ആറ്റിങ്ങൽ കൊട്ടിയോട് ശ്രീനന്ദനത്തിൽ എസ്.ശിവജിത്ത് (15) എന്നിവരെയാണ് ബസ്സിടിച്ചത്. ഇന്നലെ രാവിലെ ട്യൂഷൻ കഴിഞ്ഞ് സ്‌കൂളിലേക്ക് പോവവേയായിരുന്നു അപകടം. പാലസ് റോഡിന്റെ ഇടതു വശത്തുകൂടി കിഴക്കേനാലുമുക്കിലേക്ക് നടന്നുപോയ കുട്ടികളെ ഇതേ ദിശയിൽ വന്ന ബസാണ് തട്ടിയത്. എന്നാൽ ശരീരത്തിൽ മുറിവുകൾ ഇല്ലാത്തതിനാൽ കുട്ടികൾ സ്കൂളിലേക്ക് പോയി. അവിടെവച്ച് നട്ടെല്ലിനും തോളെല്ലിനും വേദന അനുഭവപ്പെടുകയും ഛർദ്ദിക്കുകയും ചെയ്തതോടെയാണ് കുട്ടികൾ അദ്ധ്യാപകരെ വിവരം അറിയിച്ചത്. തുടർന്ന് അദ്ധ്യാപകർ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിക്കുകയും അടിയന്തര പ്രാഥമിക ശുശ്രൂഷ നൽകി കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടുകയുമായിരുന്നു. അസുഖം കൂടിയാൽ മെഡിക്കൽകോളേജിൽ വിദഗ്ദ്ധചികിത്സ തേടാനും നിർദ്ദേശമുണ്ട്. സംഭവത്തിൽ സ്കൂൾ അധികൃതർ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി.