തിരുവനന്തപുരം: പേരൂർക്കട ലാ അക്കാഡമി ലാ കോളേജിലെ സംഘർഷത്തിൽ 30 പേർക്കെതിരെ പേരൂർക്കട പൊലീസ് കേസെടുത്തു. കോളേജിലെ എസ്.എഫ്.ഐ-കെ.എസ്.യു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം തെരുവിൽ നിന്ന് വീടുകയറിയുള്ള ആക്രമണത്തിലെത്തുകയായിരുന്നു.

ഏറ്റുമുട്ടലിൽ രണ്ടു വിദ്യാർത്ഥികൾക്ക് പരിക്കേറ്രു. കെ.എസ്.യുക്കാരുടെ പട്ടിക കഷണം കൊണ്ടുള്ള ഏറിൽ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് അശ്വതിദാസിന്റെ കാലിനും എസ്.എഫ്‌.ഐക്കാർ വീടുകയറി ആക്രമിച്ചതിൽ കെ.എസ്.യു യൂണിറ്റ് സെക്രട്ടറി ഫിഹാനുമാണ് പരിക്കേറ്റത്. ഇവർ പ്രാഥമിക ചികിത്സ തേടി. കേസെടുത്ത വിദ്യർത്ഥികളിൽ പലരും ഒളിവിലാണ്. തിങ്കളാഴ്ച രാത്രി 11നാണ് സംഭവം. ആദ്യം പേരൂർക്കട ഇന്ദിരാനഗറിൽ കെ.എസ്.യുക്കാരുടെ താമസ സ്ഥലത്തും പിന്നീട് എസ്.എഫ്.ഐക്കാർ താമസിക്കുന്ന കുടപ്പനക്കുന്ന് ജെ.പി നഗറിലേക്കും സംഘർഷം വ്യാപിക്കുകയായിരുന്നു.

അശ്വതിയുടെ പരാതിയിൽ ഷിഹാൻ ഉൾപ്പെടെ 10 കെ.എസ‌്.യുക്കാർക്കെതിരെയും ഷിഹാന്റെ പരാതിയിൽ ഇരുപതോളം എസ്.എഫ്.ഐക്കാർക്കെതിരെയുമാണ് കേസെടുത്തത്. മുൻവൈരാഗ്യത്തിലാണ് ഷിഹാനെ ആക്രമിച്ചതെന്നാണ് കെ.എസ്.യു വിദ്യാർത്ഥികളുടെ മൊഴി. എസ്.എഫ്.ഐക്കാരെ ആക്രമിക്കുന്നതറിഞ്ഞ് കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷന് സമീപം ചെന്നപ്പോഴാണ് തനിക്കുനേരെ ആക്രമണമുണ്ടായതെന്നാണ് അശ്വതിയുടെ മൊഴി. റോഡിൽ ഏറ്റുമുട്ടിയ പ്രവർത്തകരെ പൊലീസെത്തി വിരട്ടിയോടിക്കുകയായിരുന്നു.

പിന്നാലെയാണ് ഷിഹാനെ ആക്രമിച്ചത്. കെ.എസ്.യുക്കാർ താമസിക്കുന്ന ഇന്ദിരാനഗർ ഭാനുലെയ്‌നിലെ വീട്ടിൽ എസ്.എഫ്.ഐക്കാർ ആയുധങ്ങളുമായെത്തി ആക്രമിച്ചെന്നാണ് ഷിഹാന്റെ പരാതി. കത്തിയും കുറുവടിയും ഉപയോഗിച്ച് മർദ്ദിക്കുകയും പഴ്സിലുണ്ടായിരുന്ന 7000 രൂപയും ഐഡന്റിറ്റി കാർഡും മോഷ്ടിച്ചെന്നും ഷിഹാൻ പരാതി നൽകിയിട്ടുണ്ട്. സംഘർഷസാദ്ധ്യത കണക്കിലെടുക്ക് ലാ കോളേജ് ക്യാമ്പസിന് പുറത്തു പൊലീസ് കാവൽ ഏർപ്പെടുത്തി.